മീഡിയവൺ സ്റ്റാർ ഷെഫ് മൽസരം മറ്റന്നാൾ; പോരാടാന്‍ 25 പാചക പ്രതിഭകൾ
|പ്രമുഖ പാചക വിദഗ്ധനും സാമൂഹിക മാധ്യമങ്ങളിൽ തരംഗവുമായ ഷെഫ് പിള്ളയാണ് മീഡിയവൺ സ്റ്റാർ ഷെഫ് മൽസരത്തിന് മേൽനോട്ടം വഹിക്കുക
ദുബൈ: മീഡിയാവൺ ഒരുക്കുന്ന 'റിനം ഹോൾഡിങ് സ്റ്റാർ ഷെഫ്' മൽസരത്തിന് ഒരുക്കങ്ങൾ പൂർത്തിയായി. ഞായറാഴ്ച ദുബൈ സൂഖ് അൽ മർഫയിലാണ് മൽസരം. സ്റ്റാർ ഷെഫ് മൽസരത്തിൽ പങ്കെടുക്കാൻ 25 പേരാണ് അർഹത നേടിയത്.
പാചകത്തിലെ വൈദഗ്ധ്യം തെളിയിക്കുന്ന നൂറുകണക്കിന് പേർ അയച്ച വീഡിയോകളിൽ നിന്നാണ് സ്റ്റാർ ഷെഫ് മൽസരത്തിലേക്കുള്ള 25 പേരെ തെരഞ്ഞെടുത്തത്. പ്രമുഖ പാചക വിദഗ്ധനും സാമൂഹിക മാധ്യമങ്ങളിൽ തരംഗവുമായ ഷെഫ് പിള്ളയാണ് മീഡിയവൺ സ്റ്റാർ ഷെഫ് മൽസരത്തിന് മേൽനോട്ടം വഹിക്കുക. ദുബൈ സൂഖ് അൽ മർഫയിൽ വൈകീട്ട് മൂന്നിന് ആരംഭിക്കുന്ന സ്റ്റാർ ഷെഫ് മൽസരം വൈകീട്ട് എട്ടു വരെ നീണ്ടുനിൽക്കും. പാചക രംഗത്തെ പ്രഗത്ഭരെ കണ്ടെത്താനുള്ള മീഡിയവൺ മൽസരത്തിന് ലഭിക്കുന്ന പ്രതികരണം അത്ഭുതകരമാണെന്ന് ഷെഫ് പിള്ള പറഞ്ഞു.
മൽസരത്തിന്റെ ഭാഗമായി ദുബൈ സൂഖ് അൽ മർഫയിൽ ഞായറാഴ്ച ഷെഫ് തിയറ്റർ എന്ന പാചകമേഖലയുമായി ബന്ധപ്പെട്ട പ്രത്യേക സംവാദ പരിപാടിയും അരങ്ങേറും. ഷെഫ് പിള്ളയാണ് ഇതിന് നേതൃത്വം വഹിക്കുക. 'ഭക്ഷ്യവിപണന രംഗത്ത് എങ്ങനെ സംരംഭകരാകാം' എന്ന വിഷയത്തെ അധികരിച്ചാകും സംവാദം. സ്ത്രീകൾ ഉൾപ്പെടെ നൂറുകണക്കിനാളുകളാണ് ഷെഫ് തിയറ്ററിൽ പങ്കെടുക്കാൻ ഇതിനകം പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. റിനം ഹോൾഡിങ്സ് ആണ് സ്റ്റാർ ഷെഫ് മൽസരത്തിന്റെ മുഖ്യ പ്രായോജകർ.