ക്യാന്‍സര്‍ ബാധിതനായ അഫ്ഗാന് ബാലന് അമേരിക്കയില്‍ വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ഉത്തരവിട്ട് മുഹമ്മദ് ബിന്‍ സായിദ്
|മുഹമ്മദ് ആമിര്‍ ദാവൂദും കുടുംബവും നിലവില്‍ അബുദാബിയിലെ എമിറേറ്റ്സ് ഹ്യുമാനിറ്റേറിയന്‍ സിറ്റിയിലാണ് താമസിക്കുന്നത്
അബുദാബി: ക്യാന്‍സര്‍ ബാധിതനായ മൂന്നുവയസുകാരന് അഫ്ഗാന് ബാലന് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ നിര്‍ദ്ദേശവുമായി അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്.
ക്യാന്‍സര്‍ ബാധിതനായ മുഹമ്മദ് ആമിര്‍ ദാവൂദും കുടുംബവും നിലവില്‍ അബുദാബിയിലെ എമിറേറ്റ്സ് ഹ്യുമാനിറ്റേറിയന്‍ സിറ്റിയിലാണ് താമസിക്കുന്നത്. ആവശ്യമായ വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിനായി കുട്ടിയെ അമേരിക്കയിലെത്തിക്കാനാണ് മുഹമ്മദ് ബിന്‍ സായിദ് ഉത്തരവിട്ടിരിക്കുന്നത്.
കരുണയുടേയും സഹജീവി സ്നേഹത്തിന്റേയും സാഹോദര്യത്തിന്റേയും തത്വങ്ങളെ എന്നും ഉയര്‍ത്തിപ്പിടിച്ചിട്ടുള്ള യു.എ.ഇയുടെ വലിയ സഹായ മനസ്കതയാണ് ഈ ഉത്തരവിലൂടെ വീണ്ടും തെളിഞ്ഞിരിക്കുന്നത്.
ഉത്തരവിന്റെ പശ്ചാത്തലത്തില്‍, അബുദാബി ക്രൗണ്‍ പ്രിന്‍സ് കോര്‍ട്ട് ചെയര്മാന് ഷെയ്ഖ് തിയാബ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് എമിറേറ്റ്സ് ഹ്യൂമാനിറ്റേറിയന്‍ സിറ്റിയിലെ വസതിയില്‍ അഫ്ഗാന് കുട്ടിയെ സന്ദര്‍ശിച്ചു. എമിറേറ്റ്സ് ഹ്യൂമാനിറ്റേറിയന്‍ സിറ്റി ഡയരക്ടര്‍ മുഹമ്മദ് മതാര്‍ അബ്ദുല്ല അല്‍ മരാറും നിരവധി ഉദ്യോഗസ്ഥരും ഷെയ്ഖ് തിയാബിനെ സ്വീകരിച്ചു.
മെഡിക്കല്‍ സംഘം കുട്ടിയുടെ രോഗവിവരം ഷെയ്ഖ് തിയാബിന് വിശദീകരിച്ചുകൊടുത്തു. ആവശ്യമായ പിന്തുണയും ഉറപ്പും നല്കിയ അദ്ദേഹം കുട്ടിയുടെ മാതാപിതാക്കളെ കണ്ട് അമേരിക്കയിലെ ചികിത്സയ്ക്കാവശ്യമായ നടപടിക്രമങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്നറിയിച്ചു.
എമിറേറ്റ്സ് ഹ്യുമാനിറ്റേറിയന്‍ സിറ്റിയില്‍ അന്തേവാസികളായ മറ്റു നിരവധി അഫ്ഗാന് കുടുംബങ്ങളേയും ഷെയ്ഖ് തിയാബ് സന്ദര്‍ശിച്ചു. യുഎഇ തങ്ങള്‍ക്ക് നല്കിയ സൗകര്യത്തിനും സഹായങ്ങള്‍ക്കുമുള്ള നന്ദിയും അഫ്ഗാന് കുടുംബങ്ങള്‍ അറിയിച്ചു.
പ്രയാസപ്പെടുന്നവരേയും സഹായമാവശ്യമുള്ളവരേയും സംരക്ഷിക്കുന്നതിനായി 2020ലാണ് എമിറേറ്റ്സ് ഹ്യുമാനിറ്റേറിയന്‍ സിറ്റി സ്ഥാപിച്ചത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വേണ്ടിയുള്ള നിരവധി കളിസ്ഥലങ്ങളും സുരക്ഷിതമായ വിനോദ സൗകര്യങ്ങളുമെല്ലാം ഇവിടെ സജീകരിച്ചിട്ടുണ്ട്. കൂടാതെ ഒരു പ്രതിരോധ ആരോഗ്യ കേന്ദ്രവും മരുന്ന്, ഭക്ഷണം, മറ്റ് ആവശ്യങ്ങള്‍ എന്നിവയ്ക്ക് ആവശ്യമായ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.