ചൈനീസ് മുതൽ പോർച്ചുഗീസ് വരെ; മോഹൻലാൽ സിനിമകൾ ഇനി ഇന്റർനാഷണൽ
|വിവിധ രാജ്യങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ആശിർവാദ് സിനിമാസ് ദുബൈയിൽ പുതിയ ആസ്ഥാനം തുറന്നു.
ദുബൈ: മോഹൻലാൽ സിനിമകൾ ഇനി അന്താരാഷ്ട്ര തലത്തിലേക്ക്. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ബറോസ് എന്ന സിനിമ 20 ഭാഷകളിലാണ് പ്രദർശനത്തിന് എത്തുക. വിവിധ രാജ്യങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ആശിർവാദ് സിനിമാസ് ദുബൈയിൽ പുതിയ ആസ്ഥാനം തുറന്നു.
ദുബൈയിൽ പുതിയ ഓഫീസ് തുറക്കുന്നതോടൊപ്പം ആശിർവാദ് സിനിമാസ് ഗൾഫിൽ സിനിമാ വിതരണരംഗത്തേക്ക് കൂടി പ്രവേശിക്കുകയാണ്.
യുഎഇയിലെ സിനിമാ വിതരണ കമ്പനിയായ ഫാർസ് സിനിമാസുമായി കൈകോർത്താണ് സിനിമാവിതരണരംഗത്ത് സജീവാവുക, പ്രവർത്തനം അന്താരാഷ്ട്ര തലത്തിലേക്ക് വ്യാപിപ്പിക്കുമ്പോൾ ദുബൈയായിരിക്കും അതിന്റെ ഹബ്ബെന്നും മോഹൻലാൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ചൈനീസും പോർച്ചുഗീസും ഉൾപ്പെടെ 20 ഭാഷകളിൽ ഡബ്ബ് ചെയ്‌തോ സബ്‌ടൈറ്റിൽ നൽകിയോ ബറോസ് പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നത്. എംപുരാൻ അടക്കം ഇനി വരുന്ന മിക്ക ചിത്രങ്ങളും രണ്ടിലേറെ ഭാഷകളിലായിരിക്കും നിർമിക്കുക.
തെലുങ്കിലും മലയാളത്തിലും വരുന്ന വൃഷഭം എന്ന സിനിമയുടെ നിർമാണ പ്രവർത്തനങ്ങളും ദുബൈ കേന്ദ്രീകരിച്ചായിരിക്കും. തങ്ങളുടെ അന്താരാഷ്ട്ര നിർമാണ വിതരണ ശൃംഖല മറ്റു മലയാള സിനിമകൾക്കും പ്രയോജനപ്പെടുത്താമെന്നും മോഹൻലാൽ പറഞ്ഞു. നിർമാതാവ് ആന്റണി പെരുമ്പാവൂർ, ഫാർസ് സിനിമ മേധാവി അഹമ്മദ് ഗുൽഷൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. ദുബൈ ബിസിനസ് ബേയിലെ ആശിർവാദ് സിനിമാസ് ആസ്ഥാനത്തിന്റെയും വിതരണ ശൃംഖലയുടെയും ഉദ്ഘാടനം മോഹൻലാൽ നിർവഹിച്ചു.