വാക്ക് പാലിച്ച് മോഹൻലാൽ; യു.എ.ഇയിലെ നഴ്സുമാരെ കാണാനെത്തി താരം
|കഴിഞ്ഞ വർഷം അന്താരാഷ്ട്ര നഴ്സസ് ദിനത്തിൽ കോവിഡ് മുന്നണിപോരാളികൾക്ക് അഭിവാദ്യം അർപ്പിക്കാൻ വിളിച്ചപ്പോഴാണ് യു.എ.ഇയിൽ എത്തുമ്പോൾ കാണാമെന്ന് മോഹൻലാൽ വാക്ക് നൽകിയത്.
നഴ്സുമാർക്ക് നൽകിയ വാക്ക് പാലിച്ച് മോഹൻലാൽ അവരെ കാണാനെത്തി. യു.എ.ഇയിലെത്തുമ്പോള്‍ കാണാൻ വരാമോ എന്ന നഴ്സുമാരുടെ ചോദ്യത്തിന് ഉത്തരം നൽകിയാണ് മോഹന്‍ലാൽ വന്നത്. കഴിഞ്ഞ വർഷം അന്താരാഷ്ട്ര നഴ്സസ് ദിനത്തിൽ കോവിഡ് മുന്നണിപോരാളികൾക്ക് അഭിവാദ്യം അർപ്പിക്കാൻ വിളിച്ചപ്പോഴാണ് യു.എ.ഇയിൽ എത്തുമ്പോൾ കാണാമെന്ന് മോഹൻലാൽ വാക്ക് നൽകിയത്.
അബൂദബി വി.പി.എസ് ബുർജീൽ മെഡിക്കൽ സിറ്റിയിൽ എത്തിയ ലാലിനെ ഭീമൻ പൂക്കളമൊരുക്കിയാണ് നഴ്സുമാർ സ്വീകരിച്ചത്. മലയാളികൾ ഉൾപ്പെടെയുള്ള നഴ്സുമാരുമായി മോഹന്‍ ലാൽ തുറന്നു സംവദിച്ചു. യു.എ.ഇയുമായി 40 വർഷത്തെ ബന്ധമാണുള്ളതെന്നും നിർബന്ധിക്കുകയാണെങ്കിൽ ഇവിടെ താമസിക്കാമെന്നും ലാൽ പറഞ്ഞു.
ആരോഗ്യപ്രവർത്തകരുടെ ധൈര്യത്തെയും ത്യാഗങ്ങളെയും അഭിനന്ദിക്കുന്നതായി പറഞ്ഞ മോഹൻ ലാൽ ഒത്തുചേരൽ ഒരുക്കിയതിന് വി.പി.എസ് ഹെൽത്ത്കെയർ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ഷംഷീർ വയലിലിന് നന്ദിയും അറിയിച്ചു. മോഹൻലാലുമായി നഴ്സസ് ഡേയിൽ ഫോണിലൂടെ സംസാരിച്ച വിവിധ എമിറേറ്റുകളിലെ നഴ്സുമാർ പരിപാടിയിൽ പങ്കെടുത്തു. നഴ്സുമാരായ സോണിയാ ചാക്കോ, പ്രിൻസി ജോർജ്, സിനു, മരിയ ഡു പ്ലൂയി തുടങ്ങിയവർ ലാലിനോട് ചോദ്യങ്ങൾ ഉന്നയിച്ചു.
300കിലോ പൂക്കൾ കൊണ്ട് 300 ചതുരശ്രമീറ്ററിൽ ഒരുക്കിയ പൂക്കളത്തിൽ മോഹൻലാലിന്റെ മുഖവും ഉൾപെടുത്തിയിരുന്നു. ജോൺ സുനിൽ സ്വാഗതവും മീഡിയോർ- സഫീർ അഹമ്മദ് നന്ദിയും പറഞ്ഞു.