അബൂദബിയിൽ കൂടുതൽ ഡ്രൈവറില്ലാ വാഹനങ്ങൾ വരുന്നു
|അബൂദബിയിൽ കൂടുതൽ ഡ്രൈവറില്ലാ ടാക്സികൾ നിരത്തിലിറങ്ങുന്നു. യാസ്, സാദിയാത്ത് ദ്വീപുകളിൽ നടപ്പാക്കുന്ന സ്മാർട്ട് ട്രാൻസ്പോർട്ട് പദ്ധതിയുടെ രണ്ടാംഘട്ടത്തിലാണ് പൊതുഗതാഗതരംഗത്ത് കൂടുതൽ ഡ്രൈവറില്ലാ വാഹനങ്ങൾ എത്തുന്നത്.
അബൂദബി യാസ് ദ്വീപിലും, സാദിയാത്ത് ദ്വീപിലും ടാക്സി ബുക്ക് ചെയ്താൽ പലപ്പോഴും അടുത്തെത്തുന്നത് ഡ്രൈവറില്ലാതെ സ്വയം ഓടിവരുന്ന വാഹനങ്ങളായിരിക്കും. കഴിഞ്ഞ മെയ് മാസത്തിലാണ് ഈ മേഖലയിൽ പരീക്ഷണാടിസ്ഥാനത്തിൽ ഡ്രൈവറില്ലാ ടാക്സികൾ സേവനം ആരംഭിച്ചത്.
അബൂദബിയിലെ ഡ്രൈവറില്ലാ വാഹനങ്ങളുടെ പേര് തന്നെ ടാക്സി എന്നാണ്. ഇത്തരത്തിലുള്ള എട്ട് വാഹനങ്ങളാണ് ഇപ്പോൾ സർവീസ് നടത്തുന്നത്. ജൂണിൽ ഡ്രൈവറില്ലാതെ ഓടുന്ന നാല് റോബോ ബസുകൾ കൂടി സർവീസ് തുടങ്ങിയിട്ടുണ്ട്. സ്മാർട്ട് ട്രാൻസ്പോർട്ട് പദ്ധതി രണ്ടാംഘട്ടത്തിന്റെ ഭാഗമായി 15 ചാർജിങ് സ്റ്റേഷനുകൾ കൂടി ഈ മേഖലയിൽ സജ്ജമാക്കിയിട്ടുണ്ട്.