ദുബൈയിൽ ഫുഡ് ഡെലിവറിക്ക് കൂടുതൽ റോബോട്ടുകൾ
|എക്സ്പോ സിറ്റിയടക്കമുള്ള സുസ്ഥിര നഗരത്തിൽ പ്രവർത്തനം തുടങ്ങും
ദുബൈ നഗരത്തിൽ കൂടുതൽ സ്ഥലങ്ങളിലേക്ക് ഫുഡ് ഡെലിവറിക്ക് റോബോട്ടുകളെ നിയോഗിക്കുന്നു. സുസ്ഥിര വികസന മാനദണ്ഡങ്ങൾ പാലിക്കുന്ന മേഖലകളിലേക്കാണ് ഇനി ഭക്ഷണമെത്തിക്കാൻ റോബോട്ടുകൾ എത്തുക.
നിലവിൽ സിലിക്കൺ ഒയാസിസിലാണ് ഓർഡർ ചെയ്യുന്ന ഭക്ഷണം ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ റോബോട്ടുകൾ തലങ്ങും വിലങ്ങും ഓടി നടക്കുന്നത്. ഇനി ദുബൈയുടെ കൂടുതൽ ഭാഗങ്ങളിലേക്ക് ഇവരെത്തും. പരീക്ഷണാടിസ്ഥാനത്തിൽ ഈ മാസം മുതൽ മൂന്ന് റോബോട്ടുകൾ എക്സ്പോ സിറ്റിയടക്കമുള്ള സുസ്ഥിര നഗരത്തിൽ പ്രവർത്തനം തുടങ്ങും. ദുബൈ ഫ്യൂച്ചർ ലാബ്സും ലൈവ് ഗ്ലോബലും സംയുക്തമായാണ് പരീക്ഷണം നടത്തുന്നത്. പൂർണമായും കാൽനടയാത്രയും കാർ രഹിത പാർപ്പിട ക്ലസ്റ്ററുകളും ഉൾകൊള്ളുന്നതാണ് സുസ്ഥിര നഗരത്തിൻറെ രൂപകൽപ്പന. ഇത് റോബോട്ടുകളുടെ പ്രവർത്തനത്തിന് അനുയോജ്യമാണെന്നാണ് വിലയിരുത്തൽ. ഇവിടങ്ങളിൽ ഡെലിവറി സേവനങ്ങൾ എളുപ്പവും വേഗമേറിയതും കൂടുതൽ പരിസ്ഥിതി സൗഹൃദവുമാക്കുകയാണ് ലക്ഷ്യം. ദുബൈ ഫ്യൂച്ചർ ലാബ്സ് രൂപകൽപന ചെയ്ത റോബോട്ടുകളിൽ ലൈവ് ഗ്ലോബലിൻറെ സ്മാർട്ട് സംവിധാനമാണ് ഉപയോഗിക്കുന്നത്. 30 മിനിറ്റിനകം ഡെലിവറി ഉറപ്പുവരുത്താൻ കഴിയുന്ന രീതിയിലാണ് റോബോട്ടുകളുടെ രൂപകൽപനയെന്ന് ദുബൈ ഫ്യൂച്ചർ ലാബ്സ് ഡയറക്ടർ ഖലീഫ അൽ ഖാമ പറഞ്ഞു.