നീറ്റ് പരീക്ഷക്ക് ഗൾഫിലെ കേന്ദ്രങ്ങൾ സജ്ജം; പരീക്ഷ എട്ട് കേന്ദ്രങ്ങളിൽ
|കഴിഞ്ഞവർഷം ദുബൈയിലും കുവൈത്തിലും മാത്രമായിരുന്നു കേന്ദ്രങ്ങളെങ്കിലും ഇത്തവണ എല്ലാ ഗൾഫ് രാജ്യങ്ങളിലും നീറ്റ് കേന്ദ്രങ്ങളുണ്ട് എന്നത് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഏറെ ആശ്വാസകരമാണ്
മറ്റന്നാൾ നടക്കുന്ന നീറ്റ് പരീക്ഷക്കായി ഗൾഫ് രാജ്യങ്ങളിൽ കേന്ദ്രങ്ങൾ സജ്ജമായി. ആറ് രാജ്യങ്ങളിലായി എട്ട് നീറ്റ് കേന്ദ്രങ്ങൾ ഇത്തവണ ഗൾഫിലുണ്ട്. യു എ ഇയിൽ മാത്രം മൂന്ന് പരീക്ഷാ കേന്ദ്രങ്ങൾ ഇക്കുറിയുണ്ട്.
കോവിഡ് കാലത്ത് പ്രവാസി വിദ്യാർഥികളുടെ ശക്തമായ മുറവിളിയെ തുടർന്നാണ് ഇന്ത്യയിൽ നടത്തിയിരുന്ന നീറ്റ് പരീക്ഷക്ക് കഴിഞ്ഞവർഷം വിദേശത്ത് ആദ്യമായി കേന്ദ്രം അനുവദിച്ചത്. കഴിഞ്ഞവർഷം ദുബൈയിലും കുവൈത്തിലും മാത്രമായിരുന്നു കേന്ദ്രങ്ങളെങ്കിലും ഇത്തവണ എല്ലാ ഗൾഫ് രാജ്യങ്ങളിലും നീറ്റ് കേന്ദ്രങ്ങളുണ്ട് എന്നത് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഏറെ ആശ്വാസകരമാണ്.
ദുബൈ ഊദ്മേത്തയിലെ ഇന്ത്യൻ ഹൈസ്കൂൾ, ഷാർജ മുവൈല ഇന്ത്യ ഇന്റർനാഷണൽ സ്കൂൾ, അബൂദബി മുറൂർ അബൂദബി ഇന്ത്യൻ സ്കൂൾ എന്നിവയാണ് യു എ ഇയിലെ പരീക്ഷാ കേന്ദ്രങ്ങൾ. ദോഹ, മനാമ, മസ്കത്ത്, റിയാദ്, കുവൈത്ത് സിറ്റി എന്നീ ഗൾഫ് നഗരങ്ങളിലും കേന്ദ്രങ്ങൾ സജ്ജമാണ്. ഞായറാഴ്ച വൈകുന്നേരം യു എ ഇ സമയം ഉച്ചക്ക് പന്ത്രണ്ടര മുതൽ 3.50 വരെയാണ് പരീക്ഷ സമായം. രാവിലെ ഒമ്പതര മുതൽ കേന്ദ്രങ്ങളിലേക്ക് പ്രവേശനം അനുവദിക്കും. ദുബൈ കേന്ദ്രത്തിൽ മാത്രം 650 പേർ പരീക്ഷയെഴുതുന്നുണ്ട്. അഡ്മിറ്റ് കാർഡുകൾ കഴിഞ്ഞദിവസം പരീക്ഷാർഥികൾക്ക് ഓൺലൈൻ വഴി ലഭ്യമാക്കിയിരുന്നു.