UAE
അനന്തരാവകാശ തർക്ക പരിഹാരത്തിന് ദുബൈയിൽ പുതിയ കോടതി; എല്ലാ രാജ്യക്കാർക്കും പരാതി നൽകാം
UAE

അനന്തരാവകാശ തർക്ക പരിഹാരത്തിന് ദുബൈയിൽ പുതിയ കോടതി; എല്ലാ രാജ്യക്കാർക്കും പരാതി നൽകാം

Web Desk
|
26 Aug 2022 6:03 PM GMT

അനന്തരാവകാശ തർക്ക കേസുകളിൽ വിധി വേഗത്തിലാക്കുകയാണ് പുതിയ കോടതിയുടെ ലക്ഷ്യം.

അനന്തരാവകാശ തർക്കങ്ങൾ പരിഹരിക്കാൻ ദുബൈയിൽ പുതിയ കോടതി പ്രവർത്തനമാരംഭിക്കുന്നു. അടുത്തമാസം തുടങ്ങുന്ന കോടതിയിൽ എല്ലാ രാജ്യക്കാർക്കും വിവിധ മതസ്ഥർക്കും പരാതി നൽകാം. ഇസ്‌ലാമിക നിയമപ്രകാരം അന്തരാവകാശം നടപ്പാക്കേണ്ടി വരുന്ന മുസ്‌ലിങ്ങൾക്കും മറ്റു നിയമങ്ങൾ ബാധകമായ മുസ്‌ലിമേതര വിഭാഗങ്ങൾക്കും പുതിയ കോടതിയിൽ പരാതി സമർപ്പിക്കാം.

വ്യാഴാഴ്ച ദുബൈ പേഴ്‌സണൽ സ്റ്റാറ്റസ് കോടതിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഈ സംവിധാനം പ്രഖ്യാപിച്ചത്. കേസുകൾ ഓൺലൈനായി രജിസ്റ്റർ ചെയ്യുന്ന സംവിധാനമാണ് ഇവിടെ. പരാതികൾ ആദ്യം ഒരു പ്രിപ്പറേറ്ററി ജഡ്ജി പരിശോധിക്കും. രമ്യമായ ഒത്തുതീർപ്പിന് ജഡ്ജി ശ്രമിക്കും. പരാതികൾ പരാജയപ്പെട്ടാലാണ് കോടതി കേസ് പരിഗണനയ്ക്ക് എടുക്കുക.

അനന്തരാവകാശ തർക്ക കേസുകളിൽ വിധി വേഗത്തിലാക്കുകയാണ് പുതിയ കോടതിയുടെ ലക്ഷ്യം. ഇവിടെ കേസുകൾ ഒരു മാസത്തിനകം വിചാരണയ്ക്കെടുക്കണമെന്നും ഒരു വർഷത്തിനകം വിധി പറയണമെന്നും നിബന്ധനയുണ്ട്. കോടതിയുടെ വിധിന്യായങ്ങൾ അന്തിമമായിരിക്കുമെന്നതിനാൽ അപ്പീൽ നൽകാനാവില്ല.

അതേസമയം, പുനഃപരിശോധനാ ഹരജി നൽകാം. ദുബൈയിലെ മറ്റു കോടതികളുടെ പരിഗണനയിലുള്ള എല്ലാ പുതിയ അനന്തരാവകാശ കേസുകളും ഈ കോടതിയാണ് ഇനി വിചാരണയ്ക്കെടുക്കുക.

Similar Posts