UAE
ദുബൈ സർക്കാർ പ്രവാസികൾക്ക് പ്രോവിഡന്റ് ഫണ്ട് ഏർപ്പെടുത്തുന്നു
UAE

ദുബൈ സർക്കാർ പ്രവാസികൾക്ക് പ്രോവിഡന്റ് ഫണ്ട് ഏർപ്പെടുത്തുന്നു

Web Desk
|
2 March 2022 4:06 PM GMT

ദുബൈയിൽ ജോലി ചെയ്യുന്നവർക്കും അവരുടെ കുടുംബത്തിനും മെച്ചപ്പെട്ട ജീവിതവും സമ്പാദ്യവും ഉറപ്പാക്കാനാണ് ലക്ഷ്യമെന്ന് ശൈഖ് ഹംദാൻ വ്യക്തമാക്കി

ദുബൈ സർക്കാർ പ്രവാസികൾക്ക് പ്രോവിഡന്റ് ഫണ്ട് ഏർപ്പെടുത്തുന്നു. തുടക്കത്തിൽ ദുബൈയിലെ സർക്കാർ ജീവനക്കാരായി പ്രവാസികൾക്കാണ് ആനുകൂല്യം. ഇത് സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്കും നടപ്പാക്കാമെന്ന് ദുബൈ എക്സിക്യൂട്ടീവ് കൗൺസിൽ നിർദേശം നൽകി.

ദുബൈ എക്സിക്യൂട്ടീവ് കൗൺസിൽ യോഗത്തിന് ശേഷം ദുബൈ കിരീടാവാകാശിയും കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാനാണ് ദുബൈ സർക്കാറിലെ പ്രവാസി ജീവനക്കാർക്ക് പ്രൊവിഡന്റ് ഫണ്ട് ഏർപ്പെടുത്താനുള്ള തീരുമാനത്തിന് അംഗീകാരം നൽകിയതായി പ്രഖ്യാപിച്ചത്. ദുബൈയിൽ ജോലി ചെയ്യുന്നവർക്കും അവരുടെ കുടുംബത്തിനും മെച്ചപ്പെട്ട ജീവിതവും സമ്പാദ്യവും ഉറപ്പാക്കാനാണ് ലക്ഷ്യമെന്ന് ശൈഖ് ഹംദാൻ വ്യക്തമാക്കി. അന്താരാഷ്ട്ര നിലവാരത്തിലാണ് പ്രോവിഡന്റ് ഫണ്ട് നടപ്പാക്കുക. ദുബൈ ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ അഥവാ ഡിഐഎഫ്സിക്കായിരിക്കും ഫണ്ടിന്റെ മേൽനോട്ട ചുമതല. ഫണ്ടിലേക്ക് ജീവനക്കാരിൽ നിന്ന് ഈടാക്കുന്ന വിഹിതം വിവിധ തരത്തിൽ നിക്ഷേപിക്കാൻ അവസരമുണ്ടാകും. താൽപര്യമുള്ളവർക്ക് ശരീഅത്ത് അടിസ്ഥാനമാക്കിയുള്ള ഇസ്ലാമിക് ഫണ്ടിലോ, മുതൽമുടക്കിന് നഷ്ടംവരുത്താത്തവിധം ക്യാപിറ്റൽ പ്രോട്ടക്ഷൻ നൽകുന്ന രീതിയിലോ നിക്ഷേപിക്കാം. ദുബൈയിൽ സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികൾക്കും ഇത് എങ്ങനെ നടപ്പാക്കാമെന്നത് സംബന്ധിച്ച് പഠനം നടത്താനും എക്സിക്യൂട്ടീവ് കൗൺസിൽ നിർദേശം നൽകിയിട്ടുണ്ട്. ജോലിയിൽ നിന്ന് വിരമിക്കുമ്പോൾ നിലവിൽ പ്രവാസികൾക്ക് ലഭിക്കുന്ന ഗ്രാറ്റുവിറ്റി ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾക്ക് പുറമെയാണ് പി എഫ് ആനൂകൂല്യം ലഭ്യമാക്കുകയെന്നും കിരീടാവകാശി പറഞ്ഞു.

Similar Posts