ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ കാണാനാഗ്രഹിക്കുന്ന നിര്‍മിതിയെന്ന നേട്ടം ബുര്‍ജ് ഖലീഫക്ക്
|നേരത്തെ ഇന്ത്യയുടെ താജ് മഹലായിരുന്നു ആഗോള സഞ്ചാരികളെ ഏറ്റവും കൂടുതൽ മോഹിപ്പിച്ച നിർമിതി. പുതിയ പഠനത്തിൽ പക്ഷെ, താജ് മഹൽ നാലാം സ്ഥാനത്തേക്ക് മാറി. .
ലോകത്ത് ഏറ്റവും കൂടുതൽ പേർ കാണാൻ ആഗ്രഹിക്കുന്ന നിർമിതിയെന്ന പദവി ബുർജ് ഖലീഫക്ക്. ഗൂഗിളിൽ നിന്നും ശേഖരിച്ച ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ആഢംബര യാത്രാ കമ്പനിയായ 'കുയോനി' തയാറാക്കിയ റാങ്കിങിലാണ് ബുർജ് ഖലീഫ ഒന്നാം സ്ഥാനത്തെത്തിയത്.
ലോകത്തെ 66രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ സെർച് ചെയ്ത ആകർഷകകേന്ദ്രം ബുർജ് ഖലീഫയാണ്. യാത്രാലക്ഷ്യങ്ങൾ തേടി നടന്ന സെർചുകളുടെ 38 ശതമാനത്തോളം വരുമിത്. ഇന്ത്യ, സ്വിറ്റ്സർലൻഡ്, ആഫ്രിക്കൻ രാജ്യങ്ങൾ, ഇന്തോനേഷ്യ, ഫിജി, തുർക്മിനിസ്താൻ എന്നിവിടങ്ങളിലെല്ലാം ബുർജ് ഖലീഫയാണ് മുന്നിട്ടുനിൽക്കുന്നത്.
നേരത്തെ ഇന്ത്യയുടെ താജ് മഹലായിരുന്നു ആഗോള സഞ്ചാരികളെ ഏറ്റവും കൂടുതൽ മോഹിപ്പിച്ച നിർമിതി. പുതിയ പഠനത്തിൽ പക്ഷെ, താജ് മഹൽ നാലാം സ്ഥാനത്തേക്ക് മാറി. . പട്ടികയിൽ രണ്ടാം സ്ഥാനത്ത് പാരീസിലെ ഈഫൽ ടവറാണ്. മൂന്നാം സ്ഥാനം പെറുവിലെ മാച്ചുപിച്ചുവിനാണ്. ബ്രിട്ടൻ, അയർലൻഡ്, കാനഡ, ആസ്ട്രേലിയ എന്നിവിടങ്ങളിൽ നിന്ന് ഏറ്റവും കൂടുതൽ സെർച് ചെയ്തത് ഈഫൽ ടവറാണ്. സ്പെയിൻ, ചിലി, മെക്സികോ എന്നിവിടങ്ങളിലാണ് മാച്ചുപിച്ചുവിനോട് ഇഷ്ടക്കാർ കൂടുതൽ.
ബ്രിട്ടനിലെ ബിഗ് ബെൻ, ഇറ്റലിയിലെ പോംപി, സ്പെയിനിലെ അൽഹംബ്ര, ഫ്രാൻസിലെ നോത്രെ ഡേം, ബ്രിട്ടനിലെ സ്റ്റോൺഹെങെ, ജോർഡനിലെ പെട്ര, ചൈനയുടെ വൻ മതിൽ എന്നിവയും സഞ്ചാരികളുടെ ഇഷ്ട കേന്ദ്രങ്ങളായി പട്ടികയിൽ ഇടംപിടിച്ചു.