യു.എ.ഇയിലെ പുതിയ തൊഴില്‍ നിയമം; പ്രധാന സവിശേഷതകള്‍ എന്തെല്ലാം
|പ്രൈവറ്റ് ലേബര്‍ സെക്ടറിലെ നിരവധി മേഖലകളില്‍ കാതലായ മാറ്റങ്ങളാണ് പുതിയ നിയമത്തോടെ സംഭവിക്കാന്‍ പോകുന്നത്
യു.എ.ഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ തൊഴിലിനും സുരക്ഷയ്ക്കും ഏറ്റവും ഗുണകരമായ രീതിയിലുള്ള മികച്ച തൊഴില്‍ പരിഷ്‌കരണമാണ് 2022 ഫെബ്രുവരി 2 മുതല്‍ പ്രാബല്യത്തില്‍ വരാന്‍ പോകുന്ന ഫെഡറല്‍ ഡിക്രി 33-2021 എന്ന പുതിയ തൊഴില്‍ നിയമം. പ്രൈവറ്റ് ലേബര്‍ സെക്ടറിലെ നിരവധി മേഖലകളില്‍ കാതലായ മാറ്റങ്ങളാണ് പുതിയ നിയമത്തോടെ സംഭവിക്കാന്‍ പോകുന്നത്.
പുതിയ വര്‍ക്ക് മോഡലുകള്‍
പുതിയ തൊഴില്‍ നിയമം നടപ്പില്‍ വരുന്നതോടെ, ഒരു തൊഴിലാളിക്ക് ഒന്നിലധികം തൊഴിലുടമകള്‍ക്ക് വേണ്ടി പാര്‍ട്ട്‌ടൈം അടിസ്ഥാനത്തിലും ഒരു നിശ്ചിത പ്രൊജക്ടിനു വേണ്ടി അല്‍പം ദിവസത്തേക്കോ, മണിക്കൂര്‍ അടിസ്ഥാനത്തിലോ എല്ലാം, തൊഴില്‍ ചെയ്യാന്‍ അനുവാദം ലഭിക്കും.
ജോലിയുടെ സ്വഭാവവും നിബന്ധനകളുമനുസരിച്ച് വ്യത്യസ്ത സമയങ്ങളില്‍ ആ ജോലി തീര്‍ക്കാനവശ്യമായ സമയമെടുത്ത് ജോലി ചെയ്യാനുള്ള സ്വാതന്ത്ര്യമാണ് ഫ്‌ലെക്‌സിബിള്‍ വര്‍ക്ക് പെര്‍മിറ്റ് എന്ന പുതിയ വര്‍ക്ക് മോഡലിലൂടെ ജീവനക്കാര്‍ക്ക് ലഭിക്കുക.
സെല്‍ഫ് എംപ്ലോയ്‌മെന്റ് അഥവാ, വീട്ടമ്മമാരുടെ പാചകം, ഫോട്ടോഗ്രഫി, ട്രാന്‍സലേഷന്‍ ജോലികള്‍ പോലുള്ള സ്വയം തൊഴില്‍ വര്‍ക്ക് പെര്‍മിറ്റ് നടപ്പിലാക്കുമെതാണ് പുതിയ നിയമത്തിലെ മറ്റൊരു പ്രധാന സവിശേഷത.
കണ്ടന്‍സഡ് വര്‍ക്കിങ് വീക്ക്‌സ് എന്ന വര്‍ക്ക് പെര്‍മിറ്റിന്റെ അടിസ്ഥാനത്തില്‍ നിശ്ചിത ആഴ്ചയ്ക്ക് പകരമായി ഒരു നിശ്ചിത എണ്ണം ദിവസങ്ങളുടെ ബേസില്‍ അവരുടെ ജോലി സമയം തീരുമാനിക്കാനും പൂര്‍ത്തിയാക്കാനും തൊഴിലാളികള്‍ക്ക് സാധിക്കും.
ഇതൊന്നും കൂടാതെ, തൊഴിലുടമയുമായുള്ള കരാറിന്റെ അടിസ്ഥാനത്തില്‍ ഒരു ജോലി വിഭജിച്ച് ഒരാളുടെ ശമ്പളത്തിന്‍മേല്‍ രണ്ട് പേര്‍ക്ക് ജോലിയെടുക്കാനും പുതിയ നിയമത്തില്‍ അനുമതിയുണ്ട്.
പ്രൊബേഷന്‍ നിയമങ്ങള്‍
പ്രൊബേഷന്‍ കാലയളവ് ഇപ്പോഴും ആറ് മാസം തന്നെയാണെങ്കിലും പുതിയ നിയമപ്രകാരം, ജീവനക്കാരനെ പിരിച്ചുവിടുതിന് 14 ദിവസം മുമ്പ് തൊഴിലുടമകള്‍ രേഖാമൂലമുള്ള അറിയിപ്പ് അവര്‍ക്ക് നല്‍കണം. മുമ്പ്, പ്രൊബേഷന്‍ സമയത്ത് എപ്പോള്‍ വേണമെങ്കിലും കാലതാമസമില്ലാതെ തന്നെ തൊഴിലാളികളെ പിരിച്ചുവിടാന്‍ ഉടമകള്‍ക്ക് സാധിക്കുമായിരുന്നു.
പ്രൊബേഷന്‍ കാലയളവില്‍ ജോലി മാറാന്‍ ആഗ്രഹിക്കുന്ന ജീവനക്കാര്‍ ഒരു മാസം മുന്‍പ് നിലവിലെ തൊഴിലുടമയ്ക്ക് അറിയിപ്പ് സമര്‍പ്പിക്കണം. പ്രൊബേഷന്‍ കാലയളവില്‍ രാജ്യം വിടണമെങ്കില്‍ 14 ദിവസം മുന്‍പ് നോട്ടീസ് സമര്‍പ്പിക്കണം. പ്രൊബേഷന്‍ കാലയളവില്‍ അറിയിപ്പ് കൂടാതെ രാജ്യം വിടുന്ന ജീവനക്കാര്‍ക്ക് പിന്നീട് വര്‍ക്ക് പെര്‍മിറ്റ് നല്‍കുന്നതില്‍നിന്ന് ഒരു വര്‍ഷത്തെ വിലക്കുണ്ടാകും.
തൊഴിലാളിയോ തൊഴിലുടമയോ ഈ നിയമങ്ങള്‍ ലംഘിച്ചാല്‍, ലംഘനം നടത്തിയ കക്ഷി, ബാക്കിയുള്ള നോട്ടീസ് കാലയളവിലെ പതിവ് പ്രവൃത്തി ദിവസങ്ങളിലെ വേതനത്തിന് തുല്യമായ തുക രണ്ടം കക്ഷിക്ക് സാമ്പത്തിക നഷ്ടപരിഹാരം നല്‍കേണ്ടിയും വരും.
വിവിധയിനം അവധികളിലെ മാറ്റങ്ങള്‍
നിലവില്‍ തൊഴിലെടുക്കുന്ന അമ്മമാര്‍ക്ക് പ്രസവത്തെ തുടര്‍ന്ന് പൂര്‍ണ്ണ ശമ്പളത്തോടെ, 45 ദിവസത്തെ പ്രസവാവധിയാണ് ലഭിക്കുന്നത്, ഇതിനു പുറമെ, പുതിയ നിയമമനുസരിച്ച് പകുതി വേതനത്തില്‍ അധിക 15 ദിവസത്തേക്ക് കൂടി അമ്മമാര്‍ക്ക് തങ്ങളുടെ പ്രസവാവധി നീട്ടിയെടുക്കാവുന്നതാണ്.
ഈ നിശ്ചിത അവധി കഴിഞ്ഞും കുഞ്ഞിനോ അമ്മയ്‌ക്കോ, അസുഖമോ മറ്റു പ്രയാസങ്ങള്‍ കാരണമായോ ജോലിക്ക് പോകാന്‍ സാധിക്കില്ലെങ്കില്‍, വേതനമില്ലാത്ത 45 ദിവസത്തെ അധിക അവധികൂടി ലഭിക്കാന്‍ അവര്‍ക്ക് അര്‍ഹതയുണ്ട്. മാത്രമല്ല, അവധിയുടെ കാരണം കാണിക്കുന്ന ഒരു മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് അവര്‍ ഹാജരാക്കേണ്ടി വരും.
കുഞ്ഞ് വൈകല്യത്തോടെയാണ് ജനിച്ചതെങ്കില്‍, അടിസ്ഥാന പ്രസവാവധിക്ക് പുറമെ ആ അമ്മയ്ക്ക്, 30 ദിവസത്തെ പൂര്‍ണ ശമ്പളത്തോട്കൂടിയ അവധിയും ലഭിക്കും, ശേഷം ശമ്പളമില്ലാതെ മറ്റൊരു 30 ദിവസത്തേക്ക് കൂടി അവധി നീട്ടിയെടുക്കാനും അവര്‍ക്ക് അവകാശമുണ്ട്.
ജനിക്കുന്ന കുഞ്ഞിന്റെ പിതാവിന് കുട്ടിയുടെ ജനനത്തെത്തുടര്‍ന്ന് ആറുമാസത്തിനുള്ളില്‍ ഒരുമിച്ചോ, അല്ലെങ്കില്‍ ഇടവിട്ടോ അഞ്ച് ദിവസത്തെ അവധി എടുക്കാനും പുതിയ നിയമപ്രകാരം അവകാശമുണ്ട്.
ജീവിത പങ്കാളിയുടെ മരണത്തെത്തുടര്‍ന്ന് ഭാര്യക്കോ, ഭര്‍ത്താവിനോ അഞ്ച് ദിവസത്തെ വിലാപകാല അവധിയും, മാതാപിതാക്കള്‍, സ്വന്തം മക്കള്‍, സഹോദരങ്ങള്‍, പേരക്കുട്ടികള്‍, ഗ്രാന്റ് പാരന്റ്‌സ് തുടങ്ങിയവരുടെ മരണത്തിന് മൂന്നു ദിവസത്തെ വിലാപകാല അവധിയും ലഭിക്കും.
തൊഴിലാളികള്‍ യുഎഇയിലെ ഏതെങ്കിലും അംഗീകൃത എഡുക്കേഷന്‍ ഇന്‍സ്റ്റിറ്റിയൂഷനില്‍ ചേര്‍ന്നാല്‍, അവര്‍ നിലവിലെ തൊഴിലുടമയുടെയടുത്ത് രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയിട്ടുണ്ടെങ്കല്‍ മാത്രം, 10 ദിവസത്തെ അക്കാദമിക്ക് ലീവിനും അവര്‍ക്ക് അവകാശമുണ്ട്. ആഴ്ചയിലൊരു ദിവസം, ശമ്പളത്തോടെയുള്ള അവധിക്കും തൊഴിലാളികള്‍ക്ക് അര്‍ഹതയുണ്ട്.
പരിധിയില്ലാത്ത തൊഴില്‍ കരാറുകള്‍ എടുത്ത് കളയും
അടുത്ത വര്‍ഷം മുതല്‍, ഇരു കക്ഷികളുടെയും ധാരണ പ്രകാരം തൊഴിലുടമകള്‍ക്ക് പരിമിതമായ(നിശ്ചിത-കാല) തൊഴില്‍ കരാറുകള്‍ മാത്രമേ നല്‍കാന്‍ അനുവാദമൊള്ളു. ഓരോ മൂന്ന് വര്‍ഷത്തിലും പുതുക്കാവുന്നതോ, അല്ലെങ്കില്‍ അതിലും കുറഞ്ഞ കാലയളവിലേക്കോ ആയിരിക്കും പുതിയ തൊഴില്‍ കരാറുകള്‍ .ഫെബ്രുവരിയില്‍ നിയമം നടപ്പിലാക്കുന്നത് മുതല്‍, തൊഴില്‍ കരാറുകള്‍ നിശ്ചിത കാലയളവിലേക്ക് ഭേദഗതി ചെയ്യുതിനും രേഖകള്‍ ശരിയാക്കുതിനുമായി തൊഴിലുടമകള്‍ക്ക് ഒരു വര്‍ഷത്തെ ഗ്രേസ് പിരീഡും അനുവദിക്കും.
മിനിമം വേതനം ഉറപ്പാക്കും
സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് മിനിമം വേതനം ഉറപ്പാക്കുമെന്ന സുപ്രധാന മാറ്റമാണ് പുതിയ നിയമത്തിലെ സവിശേഷത. ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ച് മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍(മൊഹ്‌റെ) മന്ത്രിയുടെ നേതൃത്വത്തില്‍ യുഎഇ കാബിനറ്റ് മിനിമം വേതനം നിശ്ചയിക്കും. മുമ്പും ഈ വിശയത്തില്‍ വലിയ അളവില്‍ ചര്‍ച്ചകള്‍ നടന്നിരുന്നെങ്കിലും മിനിമം വേതനം നിശ്ചയിച്ചിരുന്നില്ല.
തൊഴിലാളി മരിച്ചാല്‍, കുടുംബം ആവശ്യപ്പെടുകയാണെങ്കില്‍ മൃതശരീരം സ്വദേശത്തേക്ക് കൊണ്ടുപോകുതിനുള്ള ചെലവ് തൊഴിലുടമ വഹിക്കണം. മരിച്ച് 10 ദിവസത്തിനകം തൊഴിലാളിയുടെ വേതനം, അവകാശങ്ങള്‍, മറ്റു ആനുകൂല്യങ്ങള്‍ എന്നിവയും തൊഴിലുടമ കുടുംബത്തിന് നല്‍കണം.
നിലവിലെ ജോലി ഉപേക്ഷിച്ചതിന് ശേഷവും രാജ്യത്ത് തുടരാനുള്ള അവകാശം പുതിയ നിയമം അനുവദിച്ച് നല്‍കുന്നുണ്ട്. അഥവാ
തൊഴില്‍ ബന്ധം അവസാനിപ്പിച്ചതിന് ശേഷം ജീവനക്കാരെ രാജ്യം വിടാന്‍ നിര്‍ബന്ധിക്കാനോ, ജീവനക്കാരുടെ ഔദ്യോഗിക രേഖകള്‍ പിടിച്ചുവയ്ക്കാനോ തൊഴിലുടമയ്ക്ക് അനുവാദമുണ്ടാകില്ല. ഇതോടെ തൊഴിലാളികള്‍ക്ക് പുതിയ തൊഴിലുടമയുടെ കീഴിലേക്ക് മാറാനും സാധിക്കും.
തൊഴിലിടങ്ങളിലെ വിവേചനങ്ങള്‍ ഇല്ലാതാകും
പുതിയ നിയമപ്രകാരം, ലിംഗം, വംശം, നിറം, ദേശീയത, മതം, വൈകല്യം തുടങ്ങിയ വിവേചനാടിസ്ഥാനത്തിലുള്ള നിയമനങ്ങള്‍ എടുത്ത് കളയും.
തൊഴിലിടങ്ങളിലെ ലൈംഗിക പീഡനം, ഭീഷണി, അക്രമം എന്നിവയില്‍നിന്നും തൊഴിലാളികള്‍ക്ക് സംരക്ഷണം നല്‍കുന്നതാണ് പുതിയ നിയമം. ജീവനക്കാര്‍ക്കെതിരെ ബലപ്രയോഗമോ, ഭീഷണിയോ അനുവദിക്കുന്നതല്ല.
ഒരേ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും, തുല്യ മൂല്യമുള്ള മറ്റ് ജോലികള്‍ക്കും തുല്യമായ വേതനം തന്നെ നല്‍കണം. യാതൊരു തരത്തിലുള്ള വിവേചനങ്ങളും തൊഴിലിടങ്ങളില്‍ അനുവദിക്കുന്നതല്ല.
തൊഴിലാളികള്‍ക്ക് ജുഡീഷ്യല്‍ ഫീസില്‍ ഇളവ്
പുതിയ നിയമപ്രകാരം, തൊഴിലാളികളോ അവരുടെ അവകാശികളോ സമര്‍പ്പിക്കുന്ന 100,000 ദിര്‍ഹത്തില്‍ കവിയാത്ത മൂല്യമുള്ള ഹരജികളിന്മേല്‍, കോടതി വ്യവഹാരങ്ങളുടെ മുഴുവന്‍ ഘട്ടങ്ങളിലും ജുഡീഷ്യല്‍ ഫീസില്‍നിന്ന് തൊഴിലാളികളെ ഒഴിവാക്കും.
ജോലി നിയമനങ്ങളുടെ മുഴുവന്‍ ചെലവുകളും തൊഴിലുടമ തന്നെ വഹിക്കണം. ആ തുക പിന്നീട് ജീവനക്കാരനില്‍നിന്ന് നേരിട്ടോ അല്ലാതെയോ വീണ്ടെടുക്കരുതെും പുതിയ നിയമത്തില്‍ ഊന്നിപ്പറയുന്നുണ്ട്.
2022 ഫെബ്രുവരി രണ്ടോടെയാണ് പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരിക. യു.എ.ഇയുടെ അന്‍പതാം വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ചാണ് പുതിയ നിയമ പരിഷ്‌കാരങ്ങള്‍ രാജ്യത്ത് നടപ്പിലാക്കാന്‍ അധികാരികള്‍ തീരുമാനിച്ചത്.