യു.എ.ഇയിൽ ഫ്രീസോൺ കമ്പനികളുടെ വിസാ കാലാവധി രണ്ടുവർഷമായി കുറച്ചു
|മെയിൻലാൻഡ് വിസകളുടെയും ഫ്രീസോൺ വിസകളുടെയും കാലാവധി ഏകീകരിക്കുന്നതിന്റെ ഭാഗമായാണ് രണ്ടുവർഷമായി വിസ കാലാവധി നിജപ്പെടുത്തിയത്
യു.എ.ഇയിൽ ഫ്രീസോൺ കമ്പനികളുടെ വിസാ കാലാവധി രണ്ടുവർഷമായി കുറച്ചു. ഒക്ടോബർ മുതൽ ഈ തീരുമാനം നടപ്പിലായതായി അധികൃതർ അറിയിച്ചു. നേരത്തേ ഫ്രീസോൺ കമ്പനികളിലെ ജീവനക്കാർക്ക് മൂന്ന് വർഷം വരെ കാലാവധിയുള്ള വിസ ലഭിച്ചിരുന്നു.
ഫ്രീസോൺ കമ്പനികൾക്ക് അനുവദിക്കുന്ന പുതിയ വിസകൾക്ക് രണ്ട് വർഷം മാത്രമായിരിക്കും കാലാവധി. നടപടിക്രമങ്ങൾ അന്തിമഘട്ടത്തിലെത്തിയ വിസകൾക്കും രണ്ട് വർഷം കാലാവധിയേ ലഭിക്കൂ. വിസ പുതുക്കുന്നവർക്കും ബാധകമായിരിക്കും. നേരത്തെ അനുവദിച്ച വിസകൾക്ക് മൂന്ന് വർഷം കാലാവധി പൂർത്തിയാക്കാം.
മെയിൻലാൻഡ് വിസകളുടെയും ഫ്രീസോൺ വിസകളുടെയും കാലാവധി ഏകീകരിക്കുന്നതിന്റെ ഭാഗമായാണ് രണ്ടുവർഷമായി വിസ കാലാവധി നിജപ്പെടുത്തിയത്. നേരത്തേ ആരംഭിച്ച വിസാ നടപടികളുടെ ഭാഗമായി മൂന്ന് വർഷത്തേക്കുള്ള വിസക്ക് ഫീസ് അടച്ചവർക്ക് ഒരു വർഷത്തെ തുക തിരികെ നൽകുമെന്നാണ് അധികൃതർ നൽകുന്ന സൂചന. തുടക്കത്തിലെ വിസ ചെലവുകൾ കുറയും എന്നതിനാൽ പുതിയ ചെറുകിട കമ്പനികൾക്ക് തീരുമാനം അനുഗ്രഹമാകും. പ്രവാസികൾക്കും പൂർണ ഉടമസ്ഥതയിൽ കമ്പനി ആരംഭിക്കാൻ കഴിയുന്ന നാൽപതോളം ഫ്രീസോണുകളാണ് യുഎഇയിൽ പ്രവർത്തിക്കുന്നത്.