പുതുവത്സരാഘോഷം; പ്രധാന റോഡുകളിൽ വലിയ വാഹനങ്ങൾക്ക് വിലക്ക്
|തൊഴിലാളികളെ കൊണ്ടുപോകുന്ന ട്രക്കുകൾ, ഹെവി വാഹനങ്ങൾ, വലിയ ബസുകൾ എന്നിവയ്ക്കാണ് വിലക്ക്
പുതുവത്സരാഘോഷം ഗംഭീരമായി നടത്താനിരിക്കുന്ന അബൂദബിയിൽ ചില പ്രധാന റോഡുകളിൽ ട്രക്കുകളും ചരക്കുവാഹനങ്ങളടക്കമുള്ള വലിയ വാഹനങ്ങൾക്ക് വിലക്കേർപ്പെടുത്തി. അബൂദാബിയിലെ പ്രധാന റോഡുകളിലാണ് ഈ താൽക്കാലിക വിലക്ക് ബാധകമായിരിക്കുകയെന്ന് പൊലീസ് അറിയിച്ചു.
തൊഴിലാളികളെ കൊണ്ടുപോകുന്ന ട്രക്കുകൾ, ഹെവി വാഹനങ്ങൾ, വലിയ ബസുകൾ എന്നിവയ്ക്കാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിൽ ശൈഖ് സായിദ് പാലം, ശൈഖ് ഖലീഫ പാലം, മുസഫ പാലം, സെക്ഷൻ ബ്രിഡ്ജ് എന്നിവയെല്ലാം വിലക്കിന്റെ പരിധിയിൽ ഉൾപ്പെടും.
ഡിസംബർ 31 ശനിയാഴ്ച രാവിലെ 7 മുതൽ ജനുവരി 1 ഞായറാഴ്ച രാവിലെ 7 വരെയാണ് താൽക്കാലിക വിലക്ക് ഏർപ്പെടുത്തുന്നത്. സെൻട്രൽ ഓപ്പറേഷൻസ് സെക്ടറിലെ ട്രാഫിക് ആൻഡ് പട്രോൾ ഡയറക്ടറേറ്റ് ഡയറക്ടർ ജനറൽ മഹ്മൂദ് യൂസഫ് അൽ ബലൂഷിയാണ് ഇക്കാര്യങ്ങൾ പ്രഖ്യാപിച്ചത്. പുതുവത്സരാഘോഷ വേളയിൽ ഗതാഗത നിയന്ത്രണം കാര്യക്ഷമമാക്കുന്നതിനായി കൂടുതൽ സ്മാർട്ട് സംവിധാനങ്ങളും ഉപയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു.