UAE
കുട്ടികൾ ഉൾപ്പെട്ട വാർത്തകൾ; മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി
UAE

കുട്ടികൾ ഉൾപ്പെട്ട വാർത്തകൾ; മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി

Web Desk
|
15 Nov 2022 6:50 PM GMT

പീഡനം ഉൾപ്പെടെ അസ്വസ്ഥതയുണ്ടാക്കുന്ന വാർത്തകളിൽ കുട്ടികളുടെ ശരിയായ പേര് ഉപയോഗിക്കരുത്

അബൂദബി: കുട്ടികളുമായി ബന്ധപ്പെട്ട മാധ്യമ ഉള്ളടക്കങ്ങൾ തയാറാക്കുന്നതിന് അബൂദബി ഏർലി ചൈൽഡ്ഹുഡ് അതോറിറ്റി പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. മാധ്യമപ്രവർത്തകരും സോഷ്യൽ മീഡിയ നിർമാതാക്കളും മാർഗനിർദേശങ്ങൾ പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.

ഒമ്പത് വയസിന് താഴെയുള്ള കുട്ടികളിൽ മാധ്യമ വാർത്തകളും, മറ്റ് ഉള്ളടക്കങ്ങളും വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുന്നുണ്ട്. ചുറ്റും നടക്കുന്ന സംഭവവികാസങ്ങളെ കുറിച്ച തിരിച്ചറിവില്ലായ്മയും, അപക്വമായ വിവേചനബുദ്ധിയും കുട്ടികളെ ബാധിക്കുന്നുണ്ട്. പീഡനം ഉൾപ്പെടെ അസ്വസ്ഥതയുണ്ടാക്കുന്ന വാർത്തകളിൽ കുട്ടികളുടെ ശരിയായ പേര് ഉപയോഗിക്കരുത്. അവരെ തിരിച്ചറിയാൻ കഴിയുന്ന വിധമുള്ള ദൃശ്യങ്ങളും ഉപയോഗിക്കരുത്.

കുട്ടികളുമായുള്ള അഭിമുഖത്തിന് രക്ഷിതാക്കളുടെ അനുമതി തേടണം. കുട്ടികൾ നൽകുന്ന വിവരങ്ങൾ ശരിയാണെന്ന് മറ്റുകുട്ടികളോടോ, മുതിർന്നവരോടോ ചോദിച്ച് ഉറപ്പാക്കണം. കുട്ടികളോട് വിവരങ്ങൾ ആരായുമ്പോൾ രക്ഷിതാക്കളുടെ സാന്നിധ്യം ഉറപ്പാക്കണം. കുട്ടികൾക്കായുള്ള ഉള്ളടക്കങ്ങൾ തയാറാക്കുമ്പോൾ അവ മുൻവിധിയുള്ളതോ, ഏകപക്ഷീയമോ, അപൂർണമോ ആയിരിക്കരുത്. വെല്ലുവിളികളെ പരാമർശിക്കുമ്പോൾ അവക്കുള്ള പരിഹാരം കൂടി കുട്ടികളിലെത്തിക്കണമെന്നും അതോറിറ്റിയുടെ മാർഗനിർദേശത്തിൽ പറയുന്നു.

Similar Posts