നിയാദി പകുതി ദൂരം പിന്നിട്ടു; ഗവേഷണ നടപടികളിൽ പുരോഗതി, ആഗസ്റ്റ് അവസാനം മടങ്ങും
|മൂന്ന് മാസം ബഹിരാകാശ നിലയത്തിൽ ചെലവിടാൻ സുൽത്താൻ അൽ നിയാദിക്ക് സാധിച്ചു
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ യു.എ.ഇയുടെ സുൽത്താൻ അൽ നിയാദിയുടെ ദൗത്യം പകുതി ദൂരം പിന്നിട്ടു. ഏറ്റെടുത്ത ഗവേഷണങ്ങൾ ഭാഗികമായി നിർവഹിക്കാനും കഴിഞ്ഞു. ആഗസ്റ്റ് അവസാനത്തോടെ നിയാദിയുടെ ബഹിരാകാശ ദൗത്യം പൂർത്തിയാകും.
എല്ലാ പ്രതിസന്ധികളും മറികടന്ന് മൂന്ന് മാസം ബഹിരാകാശ നിലയത്തിൽ ചെലവിടാൻ സുൽത്താൻ അൽ നിയാദിക്ക് സാധിച്ചു. ഏറ്റവും ദീർഘിച്ച അറബ് ബഹിരാകാശ ദൗത്യം കൂടിയാണിത്. അസാമാന്യമായ ഇഛാശക്തിയോടെ ലക്ഷ്യം നിറവേറ്റാൻ ശ്രമിക്കുന്ന സുൽത്താൻ അൽ നിയാദിയെ ഭരണാധികാരികൾ അഭിനന്ദിച്ചു.
നാസയുടെ മിഷൻ കമാൻഡർ സ്റ്റീഫൻ ബോവൻ, പൈലറ്റ് വാറൻ ഹോബർഗ്, റഷ്യൻ ബഹിരാകാശ യാത്രികൻ ആൻഡ്രേഫെഡ് യാവേവ് എന്നിവർക്കൊപ്പം സൽത്താൻ അൽ നിയാദി മാർച്ച് മൂന്നിനാണ് ബഹിരാകാശ നിലയത്തിൽ എത്തിയത്.
മനുഷ്യനെ വഹിച്ചുള്ള ചാന്ദ്ര യാത്രകൾക്കായി തയ്യാറെടുക്കാൻ സഹായിക്കുന്നതുൾപ്പെടെ 250 ഗവേഷണ പരീക്ഷണങ്ങൾ സംഘം പൂർത്തിയാക്കും. ഇവയിൽ 20പരീക്ഷണങ്ങൾ അൽ നിയാദി സ്വന്തം നിലക്കാണ് നിർവഹിക്കുക. ബഹിരാകാശ നടത്തം പൂർത്തിയാക്കാൻ സാധിച്ചതും നിയാദിക്ക് നേട്ടമായി.