ആരോഗ്യം വീണ്ടെടുത്ത് നിയാദി; നിയാദിയെ വരവേൽക്കാനൊരുങ്ങി യു.എ.ഇ
|'പിന്തുണയും സഹായവുമായി കൂടെനിന്നവർക്ക് നന്ദി' സുൽത്താൻ അൽ നിയാദി സമൂഹ മാധ്യമമായ എക്സിൽകുറിച്ചു
ദുബൈ: ബഹിരാകാശദൗത്യം കഴിഞ്ഞ് ഭൂമിയിൽ തിരിച്ചെത്തിയ സുൽത്താൻ അൽ നിയാദി പൂർണ ആരോഗ്യവാൻ. തിരിച്ചെത്തിയ ശേഷം ആദ്യമായി സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തിയ പ്രതികരണത്തിലാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്. യു.എസിലെ ഹ്യൂസ്റ്റണിൽ ആരോഗ്യ പരിചരണത്തിലാണ് നിലവിൽ അൽ നിയാദി.
'പിന്തുണയും സഹായവുമായി കൂടെനിന്നവർക്ക് നന്ദി' സുൽത്താൻ അൽ നിയാദി സമൂഹ മാധ്യമമായ എക്സിൽകുറിച്ചു. സുഹൃത്തുക്കളെ, ഞാനിപ്പോൾ പൂർണ ആരോഗ്യവാനാണ് വൈകാതെ നിങ്ങളെ കണ്ടുമുട്ടാമെന്നാണ് പ്രതീക്ഷ. അദ്ദേഹംകൂട്ടിച്ചേർത്തു.
അറബ് ലോകത്തെ ആദ്യ ദീർഘദൂര ബഹിരാകാശ ദൗത്യം പൂർത്തിയാക്കി തിങ്കളാഴ്ചയാണ് സുൽത്താൻ അൽ നിയാദി ഭൂമിയിൽവന്നിറങ്ങിയത്. 14 ദിവസം നിയാദി ഹൂസ്റ്റണിൽ തന്നെ തങ്ങും. പിന്നീട് യു.എ.ഇയിലേക്ക് എത്തിച്ചേരുമെന്നാണ് വിവരം. ഒരാഴ്ച യു.എ.ഇയിൽ തങ്ങി പരീക്ഷണങ്ങൾതുടരാൻ ഹൂസ്റ്റണിലേക്ക് തന്നെ മടങ്ങും.
സുൽത്താൻ അൽ നിയാദിക്ക് ഉജ്വലസ്വീകരണം ഒരുക്കുന്നതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. നേരത്തെ ഹസ്സ അൽ മൻസൂരിക്ക് നൽകിയതിന് സമാനമായ രീതിയിൽ ഗംഭീര സ്വീകരണ ചടങ്ങുകളാകും ഒരുക്കുക. രാഷ്ട്ര നേതാക്കളെ സന്ദർശിക്കൽ, ദൗത്യ വിജയാഘോഷം, പൊതുജനങ്ങളുമായുള്ള സംവാദം, ജന്മനാടായ അൽ ഐനിൽ പ്രത്യേക സ്വീകരണം എന്നിവ സംഘടിപ്പിക്കും. അബൂദബി അടക്കം രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിയാദിയെ വരവേൽക്കാൻ അലങ്കാരവിളക്കുകളും മറ്റും സ്ഥാപിച്ചു വരികയാണ്.