വാക്സിനെടുത്തവർക്ക് യുഎഇയിലേക്ക് വരാൻ കോവിഡ് പിസിആർ ടെസ്റ്റ് ആവശ്യമില്ല
|റാപിഡ് പി.സി.ആർ ഒഴിവാക്കിയതിന് പിന്നാലെയാണ് ആർ.ടി പി.സി.ആറും ഒഴിവാക്കുന്നത്. വിമാനത്താവളങ്ങളിൽ അംഗീകൃത വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി.
ദുബൈ: വിദേശരാജ്യങ്ങളിൽ നിന്ന് യു.എ.ഇയിലേക്ക് വരുന്ന വാക്സിനെടുത്ത യാത്രക്കാർക്ക് ഇനിമുതൽ കോവിഡ് പി.സി.ആർ പരിശോധന ആവശ്യമില്ല. മാർച്ച് ഒന്ന് മുതൽ നിലവിൽ വരും.
റാപിഡ് പി.സി.ആർ ഒഴിവാക്കിയതിന് പിന്നാലെയാണ് ആർ.ടി പി.സി.ആറും ഒഴിവാക്കുന്നത്. വിമാനത്താവളങ്ങളിൽ അംഗീകൃത വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി. സർട്ടിഫിക്കറ്റിൽ ക്യൂ ആർ കോഡ് നിർബന്ധം. വാക്സിനെടുക്കാത്തവർ 48 മണിക്കൂറിനുള്ളിലെടുത്ത പി.സി.ആർ പരിശോധനാഫലം ഹാജരാക്കണം.
എല്ലാ കായിക പ്രവർത്തനങ്ങളും പുനരാരംഭിക്കാം. സാമ്പത്തിക, ടൂറിസം മേഖലകളിലെ ശാരീരിക അകലം പാലിക്കൽ ഒഴിവാക്കും.
അതേസമയം യു.എ.ഇയിൽ പൊതുസ്ഥലങ്ങളിൽ മാസ്ക് ഒഴിവാക്കാൻ തീരുമാനിച്ചു. മാർച്ച് ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. അടച്ചിട്ട സ്ഥലങ്ങളിൽ മാസ്ക് വേണമെന്ന നിബന്ധന തുടരുമെന്നും ദേശീയ ദുരന്ത നിവാരണ സമിതി അറിയിച്ചു.
കോവിഡ് ബാധിതരുമായി അടുത്തബന്ധം പുലർത്തിയവർക്ക് ക്വാറന്റൈൻ നിർബന്ധമില്ല എന്ന തീരുമാനവും എടുത്തിട്ടുണ്ട്. എന്നാൽ, അവർ അഞ്ച് ദിവസത്തിനിടെ രണ്ട് പി.സി.ആർ പരിശോധനക്ക് വിധേയമാകണം. കോവിഡ് ബാധിതരുടെ ഐസോലേഷൻ പഴയ രീതിയിൽ തന്നെ (പത്ത് ദിവസം ക്വാറന്റൈൻ) തുടരും. പള്ളികളിൽ ബങ്കും ഇഖാമത്തും തമ്മിലുള്ള സമയ വ്യത്യാസം പഴയ നിലയിലാക്കി. പള്ളികളിൽ ഖുർആൻ കൊണ്ടുവരാം. നേരത്തെ ഖുർആൻ കൊണ്ടുവരുന്നതിന് നിയന്ത്രണമുണ്ടായിരുന്നു. എന്നാൽ, പള്ളികളിലെ ഒരുമീറ്റർ അകലം പാലിക്കണമെന്ന നിബന്ധന തുടരുമെന്നും അധികൃതർ അറിയിച്ചു.