പുതിയ അധ്യയന വർഷാരംഭം; ദുബൈയിൽ പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ട
|എന്നാൽ അബൂദബിയിലെ വിദ്യാർഥികൾക്ക് പി.സി.ആർ ഫലം നിർബന്ധമാണ്.
സ്കൂൾ തുറക്കുന്ന ദിവസം വിദ്യാർഥികൾ പി.സി.ആർ നെഗറ്റീവ് ഫലം ഹാജരാക്കണമെന്ന നിബന്ധന ദുബൈയിൽ ഒഴിവാക്കി. ദുബൈയിലെ വിദ്യാഭ്യാസ അതോറിറ്റിയായ കെ.എച്ച്.ഡി.എയാണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ അബൂദബിയിലെ വിദ്യാർഥികൾക്ക് പി.സി.ആർ ഫലം നിർബന്ധമാണ്.
യു.എ.ഇ ദേശീയ ദുരന്തനിവാരണ അതോറിറ്റിയാണ് 12 വയസിന് മുകളിൽ പ്രായമുള്ള വിദ്യാർഥികൾ സ്കൂളിലെത്തുന്ന ആദ്യദിവസം പി.സി.ആർ നെഗറ്റീവ് ഫലം ഹാജരാക്കണമെന്ന് നിർദേശിച്ചത്. എന്നാൽ, ദുബൈയിലെ സ്കൂളുകളിൽ ഈ നിബന്ധനയുണ്ടാവില്ല. എന്നാൽ, സ്കൂളിലെ അടച്ചിട്ട സ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാണെന്നും സാമൂഹിക അകലം പാലിക്കണമെന്ന് കെ.എച്ച്.ഡി.എ രക്ഷിതാക്കൾക്ക് അയച്ച സർക്കുലറിൽ വ്യക്തമാക്കുന്നുണ്ട്.
കോവിഡ് പോസിറ്റീവായവർ 10ദിവസം ഐസൊലേഷൻ പൂർത്തിയാക്കിയ ശേഷമേ ക്ലാസുകളിൽ തിരിച്ചെത്താൻ പാടുള്ളൂ. കോവിഡ് സമ്പർക്കമുള്ള, എന്നാൽ രോഗലക്ഷണങ്ങളില്ലാത്ത കുട്ടികളും ജീവനക്കാരും ക്വാറന്‍റീൻ പൂർത്തിയാക്കേണ്ടതില്ല. അബൂദബിയിൽ ആദ്യ ദിവസം 96 മണിക്കൂറിനിടയിലെ പി.സി.ആർ നെഗറ്റീവ് ഫലം ഹാജരാക്കി വേണം സ്കൂളിൽ പ്രവേശിക്കാൻ.