ഒമാനും യു.എ.ഇയും തമ്മിൽ 129 ബില്ല്യൺ ദിർഹമിന്റെ സഹകരണ കരാറുകളിൽ ഒപ്പുവെച്ചു
|ഒമാൻ സുൽത്താൻ്റെ യു.എ.ഇ സന്ദർശനത്തിനിടെയാണ് ഇരു രാജ്യങ്ങളും വൻ പദ്ധതികളുടെ കരാറുകളിൽ ഒപ്പുവെച്ചത്
അബൂദബി: യു.എ.ഇയും ഒമാനും തമ്മിൽ 129 ശതകോടി ദിർഹമിന്റെ സഹകരണ കരാറുകളിൽ ഒപ്പുവെച്ചു. ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ യു.എ.ഇ സന്ദർശനത്തിനിടെയാണ് ഇരു രാജ്യങ്ങളും വൻ പദ്ധതികളുടെ കരാറുകളിൽ ഒപ്പിട്ടത്. വ്യവസായരംഗത്തും, പുനരുൽപാദന ഊർജ മേഖലയിലും ഒപ്പുവെച്ച 117 ബില്യൺ ദിർഹമിന്റെ പദ്ധതിയാണ് ഒമാൻ സുൽത്താന്റെ സന്ദർശനവേളയിൽ യു.എ.ഇയുമായുണ്ടാക്കിയ ഏറ്റവും വലിയ കരാർ.
കാറ്റ്, സൗരോർജ പദ്ധതികൾ, പരിസ്ഥിതി സൗഹൃദമായ ഹരിത ലോഹങ്ങളുടെ ഉൽപാദനം എന്നിവ ഇതിലുൾപ്പെടും. അബൂദബിയുടെ താഖ, മസ്ദാർ, ഇ.ജി.എ, ഇ.എ.എസ്. ഒ.ക്യൂ ആൾട്ടർനേറ്റീവ് എനർജി, ഒമാൻ ഇലക്ട്രിസിറ്റി ട്രാൻസിഷൻ കമ്പനി തുടങ്ങിയവ കരാറിലെ പങ്കാളികളാണ്. ഒമാനും യു.എ.ഇയും തമ്മിലെ റെയിൽ ബന്ധം ശക്തമാക്കുന്നതിന് 11 ശതകോടി ദിർഹമിന്റെ കരാറും ഇരു രാജ്യങ്ങളും ഒപ്പിട്ടവയിൽ ഉൾപ്പെടുന്നു.
ഇന്നലെ രാത്രി യു.എ.ഇ പ്രസിഡന്റ് ഒരുക്കിയ അത്താഴവിരുന്നിൽ പങ്കെടുത്ത ഒമാൻ സുൽത്താൻ ഇന്ന് അബൂദബിയിലെ ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദ് സന്ദർശിച്ചു. സമാധാനത്തിനായി ഒന്നിച്ചു നിൽക്കാൻ യു.എ.ഇയും ഒമാനും സംയുക്തപ്രസ്താവന നടത്തി. ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാശിദുമായി സുൽത്താൻ കൂടിക്കാഴ്ച നടത്തി. വൈകുന്നേരത്തോടെ ഒമാനിലേക്ക് മടങ്ങിയ സുൽത്താനെ യാത്രയാക്കാൻ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദും വിമാനത്താവളത്തിലെത്തി.