തൊഴിൽ നഷ്ട ഇൻഷൂറൻസ് രജിസ്ട്രേഷന് ഇനി ഒരാഴ്ച മാത്രം
|ഒക്‌ടോബർ ഒന്നിനു ശേഷം പദ്ധതിയിൽ ചേരാത്തവരിൽ നിന്ന് 400 ദിർഹം പിഴ ഈടാക്കും
ദുബൈ: യു.എ.ഇയിൽ തൊഴിൽ നഷ്ട ഇൻഷുറൻസ് പദ്ധതിയിൽ ചേരാൻ വിസമ്മതിക്കരുതെന്ന് ജീവനക്കാരോട് അധികൃതർ. പദ്ധതിയിൽ ചേരാൻ ഇനി ഒരാഴ്ച മാത്രമാണ് ബാക്കിയുള്ളത്. ഒക്‌ടോബർ ഒന്നിനു ശേഷം പദ്ധതിയിൽ ചേരാത്തവരിൽ നിന്ന് 400 ദിർഹം പിഴ ഈടാക്കും.
ജോലി പോയാൽ മൂന്ന് മാസം വരെ അടിസ്ഥാന ശമ്പളത്തിന്റെ 60 ശതമാനം വരെ നൽകുന്ന പദ്ധതിയാണ് യു.എ.ഇയിലെ തൊഴിൽ നഷ്ട ഇൻഷൂറൻസ്. ഫെഡറൽ സർക്കാർ മേഖല, സ്വകാര്യമേഖല, ഫ്രീസോൺ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവരെല്ലാം നിർബന്ധമായും ഈ പദ്ധതിയിൽ അംഗമാകണം എന്നാണ് നിർദേശം. നേരത്തെ ജൂൺ 30 വരെയായിരുന്നു പദ്ധതിയിൽ ചേരാൻ സമയം. പിന്നീട് ഫൈൻ ഈടാക്കുന്നതിന് ഒക്ടോബർ ഒന്ന് വരെ സാവകാശം അനുവദിച്ചു.
പദ്ധതിയിൽ അംഗമാകേണ്ട ഉത്തരവാദിത്തം ജീവനക്കാർക്കാണ്. അതേ സമയം തൊഴിലുടമക്ക് തന്റെ ജീവനക്കാരെ ഒന്നാകെ പദ്ധതിയുടെ ഭാഗമാക്കി മാറ്റാൻ സാധിക്കും. ഇതിനു വേണ്ട ചെലവ് ജീവനക്കാർ തന്നെ വഹിക്കണം. 16,000 ദിർഹത്തിന് ചുവടെ ശമ്പളമുള്ളവർക്ക് മാസം അഞ്ച് ദിർഹം നിരക്കിലും, പതിനാറായിരം ദിർഹത്തിന് മുകളിൽ ശമ്പളമുള്ളവർക്ക് മാസം 10 ദിർഹം എന്ന നിരക്കിലും പ്രീമിയം അടച്ച് പദ്ധതിയിൽ അംഗമാകാം.