ഒപെക് തീരുമാനം: സൗദി അറേബ്യയെ ഒറ്റതിരിഞ്ഞ് അക്രമിക്കാനുള്ള നീക്കത്തിനെതിരെ ഗൾഫ് രാജ്യങ്ങൾ
|സൗദി അറേബ്യയെ കുറ്റപ്പെടുത്തുന്നതിലൂടെ വസ്തുതകൾ വളച്ചൊടിക്കുകയാണ് ചിലരെന്ന് ജി.സി.സി സെക്രട്ടറി ജനറൽ ഡോ. നായിഫ് ഫലാഹ് അൽ ഹജ്റഫ്
ദുബൈ: എണ്ണ ഉൽപാദനം വെട്ടിച്ചുരുക്കാനുള്ള ഒപെക് തീരുമാനത്തിന്റെ പേരിൽ സൗദി അറേബ്യയെ ഒറ്റതിരിഞ്ഞ് അക്രമിക്കാനുള്ള നീക്കത്തിനെതിരെ ഗൾഫ് രാജ്യങ്ങൾ. പ്രധാന എണ്ണ ഉൽപാദക രാജ്യങ്ങൾ കൂട്ടായെടുത്ത തീരുമാനമാണിതെന്നും സൗദി അറേബ്യക്കൊപ്പം പൂർണമായും നിലയുറപ്പിക്കുമെന്നും ആറ് ജി.സി.സി രാജ്യങ്ങൾ പ്രസ്താവനയിൽ വ്യക്തമാക്കി. അമേരിക്കയെ പേരെടുത്തു പറയാതെയാണ് ഗൾഫ് രാജ്യങ്ങളുടെ വിമർശനം.
നവംബർ മുതൽ എണ്ണ ഉൽപാദനത്തിൽ രണ്ട് ദശലക്ഷം ബാരൽ വെട്ടിക്കുറക്കാൻ കഴിഞ്ഞ ദിവസം ചേർന്ന ഒപെക്- ഒപെക് ഇതര രാജ്യങ്ങൾ തീരുമാനിച്ചിരുന്നു. ഇതിന്റെ പേരിൽ സൗദി അറേബ്യയുമായുള്ള ആയുധ ഇടപാടുകൾ പുന:പരിശോധിക്കുന്നതുൾപ്പെടെയുള്ള നടപടികൾ ആലോചിക്കുമെന്ന് ബൈഡൻ ഭരണകൂടം വ്യക്തമാക്കിയിരുന്നു. സൗദി അറേബ്യയെ കുറ്റപ്പെടുത്തുന്നതിലൂടെ വസ്തുതകൾ വളച്ചൊടിക്കുകയാണ് ചിലരെന്ന് ജി.സി.സി സെക്രട്ടറി ജനറൽ ഡോ. നായിഫ് ഫലാഹ് അൽ ഹജ്റഫ് പ്രസ്താവനയിൽ വ്യക്തമാക്കി.
പ്രഖ്യാപിത സന്തുലിത നിലപാടിൽ നിന്ന് വ്യതിചലിക്കാത്ത രാജ്യമാണ് സൗദി അറേബ്യയെന്നും പ്രസ്താവന ചൂണ്ടിക്കാട്ടി. റഷ്യക്കൊപ്പം ചേർന്ന് എണ്ണവിപണിയെ ആയുധമാക്കി മാറ്റാൻ സൗദി അറേബ്യ നീക്കം നടത്തുകയാണെന്ന ആരോപണവും അമേരിക്കൻ നേതൃത്വം നടത്തിയിരുന്നു. എന്നാൽ ഉൽപാദക രാജ്യങ്ങൾ സമവായത്തിലൂടെ എത്തിച്ചേർന്ന തീരുമാനം മാത്രമാണിതെന്നും ജി.സിസി സെക്രട്ടറി ജനറൽ വിശദീകരിച്ചു. എല്ലാ രാജ്യങ്ങളോടും ആദരവ് പുലർത്തുന്ന രാജ്യമാണ് സൗദിയെന്നും യു.എൻ ചാർട്ടർ മുറുകെ പിടിച്ചാണ് അതിന്റെ പ്രയാണമെന്നും ജിസിസി നേതൃത്വം വിമർശകരെ ഓർമിപ്പിച്ചു. എണ്ണവിലയും വിപണിയുടെ സന്തുലിതത്വവും മുൻനിർത്തി യാർഥാർഥ്യബോധത്തോടെയുള്ള നയസമീപനങ്ങളാണ് എന്നും സൗദി അറേബ്യ ഉയർത്തി പിടിക്കുന്നതെന്നും പ്രസ്താവനയിൽ ജി.സി.സി നേതൃത്വം വിശദീകരിച്ചു.