ഉൽപാദന നയം തിരുത്താൻ ഒപെക്; അസംസ്കൃത എണ്ണവിലയിൽ വർധന
|ഉൽപാദനം ഉയർത്തി എണ്ണവിപണിയിൽ സന്തുലിതത്വം കൊണ്ടുവരാനാണ് ഉൽപാദക രാജ്യങ്ങൾ ശ്രമിക്കേണ്ടതെന്ന് ഇറക്കുമതി രാജ്യങ്ങൾ ആവശ്യപ്പെട്ടു.
ദുബൈ: എണ്ണ ഉൽപാദനത്തിൽ ഒപെക് രാജ്യങ്ങൾ കുറവ് വരുത്തിയേക്കുമെന്ന സൂചന പുറത്തുവന്നതോടെ അസംസ്കൃത എണ്ണവിലയിൽ വർധന. മൂന്ന് ഡോളറാണ് വർധിച്ചത്. അതേസമയം ഉൽപാദനം ഉയർത്തി എണ്ണവിപണിയിൽ സന്തുലിതത്വം കൊണ്ടുവരാനാണ് ഉൽപാദക രാജ്യങ്ങൾ ശ്രമിക്കേണ്ടതെന്ന് ഇറക്കുമതി രാജ്യങ്ങൾ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസങ്ങളിൽ എണ്ണവിലയിൽ കാര്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. യുക്രെൻ യുദ്ധത്തെ തുടർന്ന് ബാരലിന് 140 ഡോളറിനു മുകളിൽ വരെയെത്തിയതാണ് വില. ഇതാണ് പോയവാരം 90 ഡോളർ വരെ ഇടിഞ്ഞത്. വിലത്തകർച്ച ഉൽപാാദന നയത്തിൽ ചില പുനരാലോചനക്ക് ഒപെക് രാജ്യങ്ങളെ പ്രേരിപ്പിക്കുമെന്ന റിപ്പോർട്ടുകളും പുറത്തുവന്നു. പുതിയ പ്രതിസന്ധി നേരിടാൻ ഉൽപാദനത്തിൽ കുറവ് വരുത്തുന്നതുൾപ്പെടെയുള്ള ബദൽ നടപടികൾ പരിഗണിക്കുമെന്ന് പ്രധാന എണ്ണ ഉൽപാദക രാജ്യമായ സൗദി അറേബ്യയുടെ ഊർജ മന്ത്രി പ്രതികരിക്കുകയും ചെയതു.
ഏതായാലും ഈ സൂചനകൾ വിപണിയിൽ വലിയ മാറ്റത്തിനിടയാക്കി. വിലയിൽ മൂന്നര ശതമാനത്തോളം വർധനയാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. അസംസ്കൃത എണ്ണവില ഇതോടെ ബാരലിന് 99.88 ഡോളറിലെത്തി. അതേസമയം 2015ലെ ആണവ കരാർ പുനരജ്ജീവിപ്പിക്കാനുള്ള അന്തിമവട്ട ചർച്ച വിജയം കണ്ടാൽ ഇറാൻ എണ്ണ കൂടി വിപണിയിലെത്തും. അത്തരമൊരു സാഹചര്യത്തിൽ ഉൽപാദന നയത്തിൽ മാറ്റം വരുത്തേണ്ടി വരുമെന്ന് ഒപെക് നേതൃത്വം വ്യക്തമാക്കി. യൂറോപ്യൻ രാജ്യങ്ങൾ കടുത്ത ഊർജ പ്രതിസന്ധി നേരിടേണ്ടി വരും എന്നതിനാൽ ആണവ കരാർ പുനഃസ്ഥാപിച്ച് ഇറാൻ എണ്ണ വിപണിയിൽ എത്തുന്നത് ഏറെ ഗുണം ചെയ്യും.