ദുബൈ മാളിൽ ജൂലൈ ഒന്നുമുതൽ പെയ്ഡ് പാർക്കിങ് പ്രാബല്യത്തിൽ വരും
|പ്രവർത്തി ദിനങ്ങളിൽ ആദ്യ ഒരു മണിക്കൂർ പാർക്കിങ് സൗജന്യമായിരിക്കും
ദുബൈ മാളിൽ ജൂലൈ ഒന്നുമുതൽ പെയ്ഡ് പാർക്കിങ് പ്രാബല്യത്തിൽ വരും. ടോൾ ഗേറ്റ് ഓപറേറ്ററായ 'സാലിക്'നാണ് പാർക്കിങ് ചുമതല. മാളിലെ ഗ്രാൻഡ് പാർക്കിങ്, സിനിമ പാർക്കിങ്, ഫാഷൻ പാർക്കിങ് എന്നിവിടങ്ങളിലാണ് സാലിക്കിൻറെ പാർക്കിങ് സംവിധാനങ്ങൾ സ്ഥാപിക്കുക. പ്രവർത്തി ദിനങ്ങളിൽ ആദ്യ ഒരു മണിക്കൂർ പാർക്കിങ് സൗജന്യമായിരിക്കും. തുടർന്ന് 20 ദിർഹം മുതൽ ഫീസ് ഈടാക്കി തുടങ്ങും. വാരാന്ത്യങ്ങളിൽ ആദ്യ ആറ് മണിക്കൂർ പാർക്കിങ് സൗജന്യമായിരിക്കും. തുടർന്നുള്ള ഓരോ മണിക്കൂറിനും ചാർജ് ഈടാക്കും.
അതേസമയം സഅബീൽ, ഫൗണ്ടേൻ വ്യൂസ്പാർക്കിങ് എന്നിവയിൽ മാറ്റം ഉണ്ടാകില്ല. കഴിഞ്ഞ ഡിസംബറിൽ ദുബൈ മാളിലെ പാർക്കിങ് സംവിധാനങ്ങൾ ഏറ്റെടുക്കുന്നതിന് ഉടമകളായ ഇമാർ പ്രോപ്പർട്ടീസുമായി സാലിക് കരാറിലെത്തിയിരുന്നു. കരാറനുസരിച്ച് ഡ്രൈവർമാർക്ക് തടസ്സമില്ലാതെ പാർക്കിങ് നടത്താവുന്ന ഇലക്ട്രോണിക് സ്കാനിങ്സംവിധാനമാണ് സാലിക് ദുബൈ മാളിൽ സ്ഥാപിക്കുന്നത്. 13,000 പാർക്കിങ് സ്ഥലങ്ങളാണ് ദുബൈ മാളിൽ നിലവിലുള്ളത്. ഇമാർ മാളിന് പിന്നാലെ എമിറേറ്റിലെ മറ്റ് ബിസിനസ് മാളുകളിലെ പാർക്കിങ് സംവിധാനങ്ങളും ഏറ്റെടുക്കാനും സാലിക്കിന് പദ്ധതിയുണ്ട്.
സന്ദർശകർക്ക് തടസ്സമില്ലാതെ പാർക്കിങ് ഇടങ്ങൾ ഉറപ്പുവരുത്തുന്നതിനൊപ്പം വേഗത്തിലും എളുപ്പത്തിലും പാർക്കിങ് സ്ഥലങ്ങൾ കണ്ടെത്താനും പുതിയ സംവിധാനം വഴി സന്ദർശകർക്ക് കഴിയുമെന്ന് ഇമാർ പ്രോപ്പർട്ടീസ് ഉടമ അഹമ്മദ് അൽ മത്രൂഷി വ്യക്തമാക്കി. പ്രത്യേക ഇലക്ട്രോണിക് സംവിധാനമാണ് പാർക്കിങ് നിയന്ത്രിക്കുന്നതിനായി സാലിക് ഉപയോഗിക്കുന്നത്. പാർക്കിങ് ഗേറ്റുകളിൽ ഘടിപ്പിച്ചിട്ടുള്ള ക്യാമറ വാഹനങ്ങൾ മാളിലേക്ക് പ്രവേശിക്കുമ്പോൾ നമ്പർ പ്ലേറ്റുകൾ സ്കാൻ ചെയ്ത് പ്രവേശന സമയം രേഖപ്പെടുത്തും. തുടർന്ന് വാഹനം തിരികെ പോകുമ്പോൾ വീണ്ടും നമ്പർ പ്ലേറ്റ് സ്കാൻ ചെയ്ത് പാർക്ക് ചെയ്ത സമയം കണക്ക് കൂട്ടി പണം ഈടാക്കും.