UAE
Permission for Iftar food distribution
UAE

ദുബൈയിൽ റമദാനിൽ ഇഫ്താർ ഭക്ഷണം വിതരണം ചെയ്യാൻ അനുമതി വേണം

Web Desk
|
17 March 2023 6:09 AM GMT

നിയമം ലംഘിച്ചാൽ പിഴയും തടവും നേരിടേണ്ടിവരും

കഷ്ടിച്ച് ഒരാഴ്ച മാത്രം അകലെയാണ് പരിശുദ്ധ മാസമായ റമദാൻ എത്തിനിൽക്കുന്നത്. വിശ്വാസികൾ ഏറ്റവും കൂടുതൽ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന മാസംകൂടിയാണ് റമദാൻ. അതിനാൽ പ്രവാസികൾക്കിടയിൽ റമദാനിൽ ഇഫ്താർ ഭക്ഷണം വിതരണം ചെയ്യുന്നതും വ്യാപകമാണ്.

എന്നാൽ എല്ലാ വർഷത്തേയും പോലെയല്ല, ഇത്തവണ ഇത്തരം കാരുണ്യ പ്രവർത്തനങ്ങൾക്കിറങ്ങുന്ന സംഘടനകളും കമ്പനികളും വ്യക്തികളും ചില കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്.

റമദാനിൽ ദുബൈ നിവാസികൾക്ക് ഇഫ്താർ ഭക്ഷണം വിതരണം ചെയ്യാൻ തയാറെടുക്കുന്നവർ മുൻകൂട്ടി ദുബൈ ഔഖാഫിന്റെ അനുമതിക്കായി അപേക്ഷിക്കണമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

കോവിഡ് കാലത്ത് ചില ചെറിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നെങ്കിലും ഇത്തരം കാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്നതിന് നിലവിൽ തടസങ്ങളൊന്നുമില്ല. എന്നാൽ ഇത്തരം പ്രവർത്തനങ്ങൾ ചെയ്യുന്നതിന് മുൻപായി വ്യക്തികളായാലും കമ്പനികളായാലും, അവർ ദുബൈ ഇസ്ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബിൾ ആക്റ്റിവിറ്റീസ് ഡിപ്പാർട്ട്മെന്റിന്റെ അനുമതി നേടിയിരിക്കണമെന്ന് മാത്രം.

ദാനം ചെയ്യുന്ന ഭക്ഷണം സുരക്ഷിതമാണോ എന്നും ഭക്ഷണം എമിറേറ്റിന്റെ എല്ലാ ഭാഗങ്ങളിലേക്കും ആവശ്യക്കാരായ ജനങ്ങളിലേക്കും കൃത്യമായി എത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ കൂടി വേണ്ടിയാണ് ഈ മുന്നൊരുക്കം.

ഇഫ്താർ ഭക്ഷണം വിതരണം ചെയ്യുന്ന പ്രക്രിയ കൂടുതൽ ചിട്ടപ്പെടുത്തുന്നതിനായി, താൻ ഏത് പ്രദേശത്താണ് ഭക്ഷണം വിതരണം ചെയ്യുന്നതെന്ന് അനുമതിക്കായി അപേക്ഷിക്കുന്ന വ്യക്തി സൂചിപ്പിച്ചിരിക്കണം.

അപേക്ഷിക്കുന്നവർ ദുബൈ ഇസ്ലാമിക് അഫയേഴ്സ് വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കണം. അല്ലെങ്കിൽ 800600 എന്ന നമ്പറിൽ വിളിച്ചാണ് അനുമതി ഉറപ്പു വരുത്തേണ്ടത്.

അപേക്ഷിക്കുന്ന വ്യക്തിയുടെ എമിറേറ്റ്‌സ് ഐഡി വിവരങ്ങൾ, വിതരണ സ്ഥലം, ഭക്ഷണം വിതരണം ചെയ്യുന്നത് റെസ്റ്റോറന്റിലാണെങ്കിൽ അവയുടെ പേരും വിലാസവുമെല്ലാം വ്യക്തമാക്കിയിരിക്കണം.

ഇത്തരത്തിൽ അനുമതിയില്ലാതെ ഇഫ്താർ ഭക്ഷണം വിതരണം ചെയ്യുന്ന ആളുകൾക്ക് 5000 ദിർഹം മുതൽ 10,000 ദിർഹം വരെ പിഴയോ 30 ദിവസം മുതൽ ഒരു വർഷം വരെ തടവ് ശിക്ഷയോ നേരിടേണ്ടി വരും.

അതേ സമയം ആളുകൾക്ക് പരസ്പരം അറിയാവുന്നതും വിശ്വസിക്കുന്നതുമായ ചെറിയ ഗ്രൂപ്പുകൾക്കോ വ്യക്തികൾക്കോ അനുമതിയില്ലാതെ തന്നെ ഇഫ്താർ ഭക്ഷണം നൽകാൻ അനുവാദമുണ്ട്, എന്നാൽ അവർ ഇതിന്റെ പേരിൽ വ്യക്തിപരമായോ സോഷ്യൽ മീഡിയയിലോ സന്ദേശമയച്ച് സംഭാവന കാമ്പെയ്നുകൾ നടത്തരുത്.

Similar Posts