ദുബൈയിൽ ഹോട്ടലിന് മുകളിൽ വിമാനമിറക്കി; റെക്കോർഡിട്ട് പോളിഷ് പൈലറ്റ്
|56 നിലയുള്ള ദുബൈയിലെ സപ്തനക്ഷത്ര ഹോട്ടൽ ബുർജുൽ അറബിന് മുകളിലെ ഹെലിപാഡിലേക്കാണ് പോളിഷ് പൈലറ്റ് ലൂക്ക് ഷെപീല വിമാനവുമായി പറന്നിറങ്ങിയത്
യു.എ.ഇ: അതി സാഹസികമായ മറ്റൊരു ലോക റെക്കോർഡിന് കൂടി ദുബൈ നഗരം ഇന്ന് സാക്ഷ്യം വഹിച്ചു. 27 മീറ്റർ മാത്രം നീളുന്ന ഹെലിപാഡിൽ വിമാനമിറക്കി പോളിഷ് പൈലറ്റാണ് റെക്കോർഡിട്ടത്. കരീബിയൻ ദ്വീപിലുള്ള ലോകത്തെ ഏറ്റവും ചെറിയ റൺവേക്ക് പോലും 400 മീറ്റർ നീളുണ്ട്. അപ്പോഴാണ് 27 മീറ്റർ മാത്രം വ്യാസമുള്ള ഹെലിപാഡിൽ വിമാനമിറക്കുന്ന അതിസാഹസികതക്ക് ദുബൈ സാക്ഷ്യം വഹിച്ചത്. 56 നിലയുള്ള ദുബൈയിലെ സപ്തനക്ഷത്ര ഹോട്ടൽ ബുർജുൽ അറബിന് മുകളിലെ ഹെലിപാഡിലേക്കാണ് പോളിഷ് പൈലറ്റ് ലൂക്ക് ഷെപീല വിമാനവുമായി പറന്നിറങ്ങിയത്.
വെറും 20.76 മീറ്ററിനകം വിമാനം പറന്നിറങ്ങി നിർത്താൻ 650 തവണ പരിശീലനം നടത്തിയാണ് ലൂക്ക് ഈ റെക്കോർഡ് ദൗത്യത്തിന് മുതിർന്നത്. ഇതിനായി ചെറുവിമാന നിർമാതാക്കളായ കബ്ക്രാഫ്ര്‌റ്റേഴ്‌സിലെ എഞ്ചിനീയർമാർ അമേരിക്കൻ ഏവിയേഷൻ എഞ്ചിനീയർ മൈക്ക് പാറ്റേയുമായി ചേർന്ന് വിമാനത്തിൽ പല മാറ്റങ്ങളും വരുത്തി. വിമാനത്തിന്റെ ഭാരം 425 കിലോയാക്കി കുറച്ചു. ഇന്ധന ടാങ്ക് പിന്നിലേക്ക് മാറ്റി. ബ്രേക്കിങ് ശേഷി വർധിപ്പിച്ചു. ഹെലിപാഡിൽ നിന്ന് ടേക്ക് ഓഫ് സാധ്യമാവും വിധം വിമാനത്തിന്റെ കരുത്തും വർധിപ്പിച്ചു. ബുൾസ് ഐ എന്ന് പേരിട്ട് സാഹിസിക ദൗത്യം വിജയകരമായി പൂർത്തിയാക്കിയ പൈലറ്റിന് അഭിനന്ദന പ്രവാഹമാണിപ്പോൾ.