കോപ് 28ൽ മാർപ്പാപ്പ എത്തും; ദുബൈയിൽ ചെലവഴിക്കുക മൂന്ന് ദിവസം
|ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി, ബ്രിട്ടന്റെ ചാൾസ് രാജാവ് ഉൾപ്പെടെ നിരവധി രാഷ്ട്ര നേതാക്കൾ ചടങ്ങിൽ പങ്കെടുക്കാനെത്തും
യു.എ.ഇയിൽ നടക്കുന്ന കോപ് 28 ആഗോള കാലാവസ്ഥ ഉച്ചകോടിയിൽ പങ്കെടുക്കാൻ ഫ്രാൻസിസ് മാർപാപ്പ ദുബൈയിലെത്തും. ഡിസംബർ ഒന്നിന് എത്തുന്ന മാർപ്പാപ്പ മൂന്ന് ദിവസം ദുബൈയിൽ ചെലവഴിക്കും.
ഇറ്റാലിയൻ വിമാനക്കമ്പനിയായ ഐ.ടി.എ എയർവേയ്‌സിന്റെ പരിസ്ഥിതി സൗഹൃദ കാർബൺ ന്യൂട്രൽ വിമാനത്തിലാണ് കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുക്കാൻ മാർപാപ്പയെത്തുക. ഇറ്റാലിയൻ, അന്താരാഷ്‌ട്ര മാധ്യമ പ്രതിനിധികൾക്കൊപ്പം രാവിലെ 11.30ന് റോമിലെ ഫിയുമിസിനോയിൽ നിന്ന് പുറപ്പെടുന്ന അദ്ദേഹം യു.എ.ഇ സമയം രാത്രി 8.25ന് ദുബൈ വേൾഡ് സെൻട്രൽ വിമാനത്താവളത്തിൽ ഇറങ്ങും. കാലാവസ്ഥാ ചർച്ചകൾക്കായി മൂന്ന് ദിവസം ദുബൈയിൽ അദ്ദേഹം ചെലവഴിക്കും.
വത്തിക്കാൻ നേരത്തെ പുറത്തിറക്കിയ അറിയിപ്പ് അനുസരിച്ച്, കോപ് 28 സമ്മേളനത്തിൽ പങ്കെടുക്കുന്ന ലോകനേതാക്കളുമായി ഫ്രാൻസിസ് മാർപാപ്പ ഒരു ദിവസം മുഴുവൻ കൂടിക്കാഴ്ചകൾ നടത്തും. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി, ബ്രിട്ടന്റെ ചാൾസ് രാജാവ് ഉൾപ്പെടെ നിരവധി രാഷ്ട്ര നേതാക്കൾ ചടങ്ങിൽ പങ്കെടുക്കാനെത്തും.