നബിദിനം: യുഎഇയിൽ സ്വകാര്യ മേഖലയ്ക്കും അവധി; ഷാർജയിൽ അവധി 28ന്
|കഴിഞ്ഞ ഈദുൽ അദ്ഹ പ്രമാണിച്ച് ഏഴു ദിവസവും ഈതുൽ ഫിത്വർ പ്രമാണിച്ച് ആറു ദിവസവും ജീവനക്കാർക്ക് അവധി ലഭിച്ചിരുന്നു.
ദുബൈ: നബിദിനം പ്രമാണിച്ച് പൊതുമേഖലാ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചതിന് പിന്നാലെ യുഎഇയിലെ സ്വകാര്യ കമ്പനി ജീവനക്കാർക്ക് ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ച് ഭരണകൂടം. വെള്ളിയാഴ്ചയ്ക്കൊപ്പം ശനി, ഞായർ ദിവസങ്ങൾ കൂടി ചേരുമ്പോൾ ഫലത്തിൽ ജീവനക്കാർക്ക് മൂന്നു ദിവസം അവധി ലഭിക്കും.
നടപ്പുവർഷം ഈ രീതിയിൽ മൂന്നു അവധി ദിനങ്ങൾ ഒരുമിച്ച് വരുന്ന അവസാനത്തെ വാരാദ്യ ദിനങ്ങളായിരിക്കും ഇത്. കഴിഞ്ഞ ഈദുൽ അദ്ഹ പ്രമാണിച്ച് ഏഴു ദിവസവും ഈതുൽ ഫിത്വർ പ്രമാണിച്ച് ആറു ദിവസവും ജീവനക്കാർക്ക് അവധി ലഭിച്ചിരുന്നു.
അതേസമയം, ഷാർജയിൽ നബിദിന അവധി 28ന് വ്യാഴാഴ്ചയാണ്. വെള്ളിയാഴ്ച എമിറേറ്റിൽ വാരാന്ത്യ അവധി ആയതിനാലാണ് നബിദിന അവധി വ്യാഴാഴ്ചയിലേക്ക് മാറ്റിയത്. വെള്ളി, ശനി, ഞായർ വാരാന്ത്യ അവധി ദിനങ്ങളായതിനാൽ സർക്കാർ ജീവനക്കാർക്ക് തുടർച്ചയായ നാല് ദിവസം അവധി ലഭിക്കും. ഇനി തിങ്കളാഴ്ചയാണ് സർക്കാർ സ്ഥാപനങ്ങൾ തുറന്നു പ്രവൃത്തിക്കുക.