'ടീമിന്റെ പ്രകടനത്തിലും ധീരതയിലും അഭിമാനം'; മൊറോക്കോയ്ക്ക് ദുബൈയുടെ അഭിനന്ദനം
|അറബ് ലോകത്തിന്റെ പ്രതീക്ഷയാണ് മൊറോക്കോ ടീമെന്ന് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം
ദുബൈ: ലോകകപ്പ് ഫുട്ബാളിൽ ഫ്രഞ്ച് പടയോട് പൊരുതി വീണ മൊറോക്കൻ ടീമിന് അഭിനന്ദനവുമായി ദുബൈ ഭരണാധികാരികൾ. ടീമിന്റെ പ്രകടനത്തിലും ധീരതയിലും അഭിമാനമുണ്ടെന്ന് ദുബൈ ഭരണാധികാരികൾ പറഞ്ഞു. അറബ് ലോകത്തിന്റെ പ്രതീക്ഷയാണ് മൊറോക്കോ ടീമെന്ന് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം ട്വീറ്റ് ചെയ്തു.
ലോകമാമാങ്കത്തിൽ അറബ് ജനതയുടെ തലയുയർത്തിപ്പിടിക്കാൻ മൊറോക്കോക്ക് കഴിഞ്ഞു. അറ്റ്‌ലസ് ലയൺസിന് നന്ദി അറിയിക്കുന്നതായും ശൈഖ് മുഹമ്മദ് പറഞ്ഞു. അസാധാരണ പ്രകടനത്തിലൂടെ അറബ് ജനതയുടെ അഭിമാനമാകാൻ മൊറോക്കോക്ക് കഴിഞ്ഞതായി ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം ട്വീറ്റ് ചെയ്തു. മൊറോക്കൻ താരങ്ങൾക്ക് നന്ദി. നിശ്ചയദാർഢ്യവും അഭിലാഷവും ഉണ്ടെങ്കിൽ ഒന്നും അസാധ്യമല്ലെന്ന് അറിയാവുന്ന അറബ് ജനതക്ക് നിങ്ങൾ അഭിമാനമാണ്. എല്ലായിടത്തും അറബ് യുവാക്കൾക്ക് നല്ലത് സംഭവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെയെന്നും ഹംദാൻ കൂട്ടിച്ചേർത്തു.