അമേരിക്കയെ വെട്ടാൻ റഷ്യയും: ചൈനക്കു പിന്നാലെ പശ്ചിമേഷ്യയിൽ പുടിന്റെ പുതിയ നീക്കം
|അമേരിക്കൻ പിന്തുണയോടെ സിറിയയിൽ നിരന്തരം ആക്രമണം നടത്തുന്ന ഇസ്രായേലിനെ പ്രതിരോധിക്കാനും ഈ പുതിയ കൂട്ടായ്മക്കാകും
ചൈനക്കു പിന്നാലെ പുതിയ നയതന്ത്ര നീക്കങ്ങളിലൂടെ അമേരിക്കക്ക് മുന്നറിയിപ്പുമായി റഷ്യയും. അറബ്, മുസ്ലിം രാജ്യങ്ങളെ കൂടെ നിർത്തി അമേരിക്കൻ വിരുദ്ധ ചേരിക്ക് ആക്കം കൂട്ടാനാണ് പുടിന്റെ പുതിയ നീക്കം. പശ്ചിമേഷ്യയിൽ അമേരിക്ക ഇതോടെ കൂടുതൽ സമ്മർദത്തിലാകും.
ഇറാൻ, സിറിയ, തുർക്കി എന്നീ രാജ്യങ്ങളുമായി കൂടുതൽ കൈകോർക്കാനും മേഖലയിൽ രാഷ്ട്രീയ സ്വാധീനം വികസിപ്പിക്കാനുമാണ് റഷ്യൻ പ്രസിഡൻറ് പുടിന്റെ നീക്കം. ഇതിന്റെ ഭാഗമായി സിറിയൻ പ്രസിഡൻറ് ബശ്ശാറുൽ അസദിനെ റഷ്യയിൽ ക്ഷണിച്ചു വരുത്തിയ പുടിൻ, യുക്രയിൻ യുദ്ധത്തിന് പിന്തുണ തേടുകയും ചെയ്തു. ഇറാനും തുർക്കിയും സിറിയയും ഒരുമിച്ചു നിന്നാൽ നീണ്ടകാലമായി തുടരുന്ന സിറിയൻ യുദ്ധം അവസാനിപ്പിക്കാൻ സാധിച്ചേക്കുമെന്ന പ്രതീക്ഷയും ശക്തമാണ്.
അമേരിക്കൻ പിന്തുണയോടെ സിറിയയിൽ നിരന്തരം ആക്രമണം നടത്തുന്ന ഇസ്രായേലിനെ പ്രതിരോധിക്കാനും ഈ പുതിയ കൂട്ടായ്മക്കാകും. മേഖലയുടെ സുരക്ഷ ഉറപ്പാക്കാൻ റഷ്യക്ക് നിർണായക പങ്കു വഹിക്കാൻ സാധിക്കുമെന്ന് ബശ്ശാറുൽ അസദ് പുടിനുമായുള്ള ചർച്ചയിൽ വ്യക്തമാക്കി. ചൈനയുടെ മധ്യസ്ഥതയിൽ ഇറാൻ, സൗദി നയതന്ത്ര ബന്ധം പുന:സ്ഥാപിച്ചതും സിറിയൻ ഭരണകൂടത്തെ ചേർത്തു നിർത്തി പുതിയ രാഷ്ട്രീയ സമവാക്യത്തിന് റഷ്യ മുൻകൈയെടുക്കുന്നതും അമേരിക്കക്കുള്ള വലിയ ആഘാതമായി മാറുകയാണ്.
അതിനിടെ, ഗൾഫ് രാജ്യങ്ങളുമായി കൂടുതൽ ചേർന്നു നിൽക്കാനും ഇറാൻ തീരുമാനിച്ചു ഇറാന്റെ ഉന്നത സുരക്ഷാ ഉപദേഷ്ടാവ് അലി ഷംകാനി വ്യാഴാഴ്ച യു.എഇയിൽ എത്തുമെന്നും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു