പി.വി വിവേകാനന്ദിന്റെ ഒമ്പതാം ചരമവാർഷികം: ദുബൈയിൽ അനുസ്മരണ ചടങ്ങ്
|മിഡില്‍ ഈസ്റ്റിലെ മാധ്യമ മേഖലയില്‍ മികച്ച സംഭാവനകളർപ്പിച്ച വ്യക്തിയാണ് വിവേകാനന്ദ്
ദുബൈ കേന്ദ്രമായ ഇന്ത്യന്‍ മാധ്യമ കൂട്ടായ്മയുടെ മുൻ അധ്യക്ഷനും 'ഗള്‍ഫ് ടുഡെ' ചീഫ് എഡിറ്ററുമായിരുന്ന പി.വി വിവേകാനന്ദിനെ അനുസ്മരിച്ചു. ഐ.എം.എഫ്-ചിരന്തന യു.എ.ഇയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ നിരവധി പേർ സംബന്ധിച്ചു.
മിഡില്‍ ഈസ്റ്റിലെ മാധ്യമ മേഖലയില്‍ മികച്ച സംഭാവനകളർപ്പിച്ച വിവേകാനന്ദ് ഇതര സമൂഹങ്ങളിലും ആദരണീയനായിരുന്നു. പ്രവാസി ഇന്ത്യന്‍ സമൂഹത്തിന് പ്രതിസന്ധി ഘട്ടങ്ങളില്‍ കൈത്താങ്ങായി മാറിയ മാധ്യമ പ്രവർത്തകൻ കൂടിയാണ് വിവേകാനന്ദെന്ന് വിയോഗത്തിന്റെ ഒമ്പതാം വാര്‍ഷിക അനുസ്മരണ പരിപാടിയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. അനൂപ് കീച്ചേരി അധ്യക്ഷത വഹിച്ചു.
ചിരന്തന പ്രസിഡൻറ് പുന്നക്കൻ മുഹമ്മദലി സ്വാഗതം പറഞ്ഞു. ഐ.എം.എഫ് മുന്‍ പ്രസിഡന്റ് കെ.പി.കെ വെങ്ങര മുഖ്യ പ്രഭാഷണം നടത്തി. വിവേകാനന്ദിന്റെ ഭാര്യ ചിത്ര, മകള്‍ വിസ്മയ ആനന്ദ്, സുഹൃത്തുക്കളായ പോള്‍ ടി.ജോസഫ്, രാജേന്ദ്രന്, ചിരന്തന വൈസ് പ്രസിഡന്റ് സലാം പാപ്പിനിശ്ശേരി എന്നിവർക്കു പുറമെ മാധ്യമ പ്രവർത്തകരും ഒറ്റപ്പാലം അസോസിയേഷൻ സാരഥികളും സംസാരിച്ചു.