UAE
30 വർഷത്തിന് ശേഷം നാട്ടിലൊരു റമദാൻ; ഷാർജ രാജകൊട്ടാരം ജീവനക്കാരൻ മടങ്ങുന്നു
UAE

30 വർഷത്തിന് ശേഷം നാട്ടിലൊരു റമദാൻ; ഷാർജ രാജകൊട്ടാരം ജീവനക്കാരൻ മടങ്ങുന്നു

Web Desk
|
23 March 2023 5:56 PM GMT

കൊട്ടാരത്തിൽ പാചക ചുമതലയുള്ളതിനാൽ, നോമ്പ് കാലത്ത് ഇദ്ദേഹത്തിന് അവധി കിട്ടില്ലായിരുന്നു

അജ്‌മാൻ: 48 വർഷം നീണ്ട പ്രവാസം അവസാനിപ്പിച്ച്, നാട്ടിലേക്ക് മടങ്ങുകയാണ് ഷാർജ രാജകൊട്ടാരത്തിലെ ജീവനക്കാരൻ കെ പി അബൂബക്കർ. 30 വർഷത്തെ ഇടവേളക്ക് ശേഷം റമദാൻകാലത്ത് സ്വന്തം നാടായ പാലക്കാട്ടെ കൂറ്റനാട് എത്തുന്നു എന്ന പ്രത്യേകതയും ഇദ്ദേഹത്തിന്റെ മടക്കയാത്രക്കുണ്ട്. കൊട്ടാരത്തിൽ പാചക ചുമതലയുള്ളതിനാൽ, നോമ്പ് കാലത്ത് ഇദ്ദേഹത്തിന് അവധി കിട്ടില്ലായിരുന്നു.

കപ്പലിലേറി ഗൾഫിലെത്തിയ കൂറ്റനാട് സ്വദേശി കെ പി അബൂബക്കര്‍ ഷാർജ മുഴുവൻ ചുറ്റികറങ്ങിയത് ഒരു സൈക്കിളിലായിരുന്നു. ഷാർജ രാജകൊട്ടാരത്തിലാണ് ജോലിയെങ്കിലും കാറ് സ്വന്തമാക്കാനോ യാത്രക്ക് മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാനോ ഒരുക്കമല്ലായിരുന്നു.

രാജകൊട്ടാരത്തിലെ പൊലീസ് കിച്ചണിലായിരുന്നു കഴിഞ്ഞ 30 വർഷം ജോലി. അതുകൊണ്ട് തന്നെ നാട്ടിലൊരു നോമ്പ്കാലം എന്നത് മൂന്ന് പതിറ്റാണ്ട് സ്വപ്നം മാത്രമായിരുന്നു. 1975ൽ മീശകിളിർക്കും മുമ്പ് കിട്ടിയ പാസ്പോർട്ടിൽ ഒമാനിലേക്ക് കപ്പൽ കയറിയതാണ്. സലാലയിൽ നിർമാണ കമ്പനിയിലാണ് തുടക്കം. വർഷങ്ങൾക്ക് ശേഷം നാട്ടിലേക്ക് മടങ്ങി.

1980 ലാണ് ഷാർജയിലേക്ക് വിമാനം കയറുന്നത്. റെഡിമെയ്ഡ് കടയിലും, കഫ്തീരിയയിലുമൊക്കെ ജോലി ചെയ്തു. പിന്നീട് ഷാർജ ഡിഫൻസിൽ സ്റ്റോർ കീപ്പറായി. ഷാർജ കൊട്ടാരത്തിൽ ജോലി ചെയ്തിരുന്ന സഹോദരൻ മൊയ്തൂട്ടിയാണ് കൊട്ടാരത്തിലെ പൊലീസ് കിച്ചണിലെ ജോലി തരപ്പെടുത്തിയത്. അവിടെ 30 വർഷം നീണ്ട ജോലിക്കിടെ പലപ്പോഴും ഷാർജ ഭരണാധികാരികളെ കാണാൻ അവസരം കിട്ടി.

മകനെയും രണ്ട് പെൺമക്കളെയും പഠിപ്പിച്ച് പ്രൊഫഷണൽ ബിരുദമുള്ളവരാക്കാൻ കഴിഞ്ഞു എന്നതാണ് നീണ്ട പ്രവാസത്തിലെ ഏറ്റവും വലിയ നേട്ടമായി കരുതുന്നത്. ഫാർമസിസ്റ്റായ മകൾ ജൗഹറ ഷാർജയിലുണ്ട്, എൻജിനീയറായ മകൻ ജുനൈദ് ദുബൈയിലാണ്. ബിഡിഎസ് ബിരുദധാരിയായ മകൻ ഡോ. ജുഹൈന നാട്ടിലുണ്ട്. വിദ്യാഭ്യാസരംഗത്ത് മക്കളുടെ നേട്ടത്തിന്റെ ക്രെഡിറ്റ് അബൂബക്കർ പൂർണമായും നാട്ടിലുള്ള ഭാര്യ സാബിറക്ക് നൽകുന്നു.

കോവിഡ് കാലത്ത് നാട്ടിലെത്താൻ അനുമതി ലഭിക്കാത്തതിനാൽ ഇളയമകളുടെ നിക്കാഹിന് കൈകൊടുക്കാൻ കഴിയാതിരുന്ന നൊമ്പരം അബൂബക്കറിന്റെ പ്രവാസത്തിലുണ്ട്. ഇനിയും ജോലിയെടുക്കാൻ മനസുണ്ടെങ്കിലും അറുപത് പിന്നിട്ടവർക്ക് ഏർപ്പെടുത്തിയ നിർബന്ധിത വിരമിക്കലിനെ തുടർന്നാണ് ഇപ്പോഴത്തെ മടക്കം.മുപ്പത് വർഷത്തിന് ശേഷം നാട്ടിലൊരു നോമ്പ് എന്ന സ്വപ്നം പൂവണിയുന്നതിന്റെ സന്തോഷം ചെറുതല്ല.ഭാര്യക്കൊപ്പം ഒരു ഹജ്ജാണ് അബൂബക്കറിന്റെ അടുത്ത സ്വപ്നം

Similar Posts