റമദാൻ: യു.എ.ഇയിലെ വിവിധ എമിറേറ്റുകൾ പെയ്ഡ് പാർക്കിംഗ് സമയക്രമം പ്രഖ്യാപിച്ചു
|ദുബൈ, ഷാർജ, അജ്മാൻ എമിറേറ്റുകളാണ് പാർക്കിങിന് പണം നൽകേണ്ട സമയത്തിലെ മാറ്റം അറിയിച്ചത്
യു എ ഇയിലെ വിവിധ എമിറേറ്റുകൾ റമദാനിലെ പെയ്ഡ് പാർക്കിങ് സമയക്രമം പ്രഖ്യാപിച്ചു. ദുബൈ, ഷാർജ, അജ്മാൻ എമിറേറ്റുകളാണ് പാർക്കിങിന് പണം നൽകേണ്ട സമയത്തിലെ മാറ്റം അറിയിച്ചത്.
ദുബൈയിൽ ഞായർ ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ എട്ട് മുതൽ വൈകുന്നേരം ആറ് വരെ പാർക്കിങിന് പണം നൽകണം. പിന്നീട് രാത്രി എട്ട് വരെ രണ്ട് മണിക്കൂർ പാർക്കിങ് സൗജന്യമായിരിക്കും. രാത്രി എട്ട് മുതൽ 12 വരെ വീണ്ടും പാർക്കിങിന് ഫീസ് അടക്കണമെന്ന് ദുബൈ ആർ ടി എ അറിയിച്ചു. ടീകോം മേഖലയിൽ രാവിലെ എട്ട് മുതൽ വൈകുന്നേരം ആറ് വരെ മാത്രമേ പാർക്കിങ് ഫീസ് ഈടാക്കൂ. മൾട്ടിലെവൽ പാർക്കിങുകളിൽ മുഴുവൻ സമയവും പണം ഈടാക്കും.
അജ്മാനിൽ വെള്ളിയാഴ്ചകളിൽ പാർക്കിങ് സൗജന്യമായിരിക്കും. മറ്റു ദിവസങ്ങളിൽ രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് ഒന്ന് വരെയും, രാത്രി എട്ട് മുതൽ 12 വരെയും പാർക്കിങ് ഫീസ് ഈടാക്കും. ഷാർജയിൽ പള്ളികൾക്ക് സമീപത്തെ പാർക്കിങുകളിൽ മഗ് രിബ് ബാങ്ക് മുതൽ ഒരു മണിക്കൂർ സൗജന്യം ലഭിക്കും. മറ്റിടങ്ങളിൽ രാവിലെ എട്ട് മുതൽ രാത്രി 12 വരെ പാർക്കിങിന് ഫീസുണ്ടാകും. വെള്ളിയാഴ്ചകളിൽ നീല അടയാളമുള്ള പാർക്കിങ് മേഖലയൊഴികെ മറ്റിടങ്ങളിൽ പാർക്കിങ് സൗജന്യമായിരിക്കും.