UAE
ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾ   റാസൽഖൈമയും നിരോധിക്കുന്നു
UAE

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾ റാസൽഖൈമയും നിരോധിക്കുന്നു

Web Desk
|
6 Oct 2023 4:55 PM GMT

മറ്റ് അഞ്ച് എമിറേറ്റുകൾ നേരത്തെ നിരോധനം പ്രഖ്യാപിച്ചിരുന്നു

സമ്പൂർണ പ്ലാസ്റ്റിക് നിരോധനത്തിനൊരുങ്ങുന്ന യുഎഇയിൽ റാസൽഖൈമ എമിറേറ്റു കൂടി, ജനുവരിയോടെ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകൾ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചു. 2024 ജനുവരി 1 മുതലാണ് ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾ തങ്ങളുടെ എമിറേറ്റിലും അനുവദിക്കില്ലെന്ന് റാസൽഖൈമ പുതുതായി പ്രഖ്യാപിച്ചിരിക്കുന്നത്.

മറ്റ് അഞ്ച് എമിറേറ്റുകൾ നേരത്തെ നിരോധനം പ്രഖ്യാപിക്കുകയോ പ്ലാസ്റ്റിക് ഉപയോഗം നിയന്ത്രിക്കുകയോ ചെയ്തിട്ടുമുണ്ട്. റാസൽഖൈമ എമിറേറ്റിലെ എൻവയോൺമെന്റ് പ്രൊട്ടക്ഷൻ ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റിയാണ് ഇത് സംബന്ധിച്ച വിശദീകരണം നൽകിയിരിക്കുന്നത്. ദേശീയ സുസ്ഥിരതാ ഡ്രൈവിന്റെ ഭാഗമായി, 2024 ജനുവരി മുതൽ ഈ ഗണത്തിലുള്ള പ്ലാസ്റ്റിക്കുകളുടെ ഇറക്കുമതി, ഉൽപ്പാദനം, പ്രചാരം എന്നിവയെല്ലാം രാജ്യത്ത് നിരോധിക്കും.

രണ്ട് വർഷത്തിന് ശേഷം, 2026 ജനുവരിയോടെ, പ്ലാസ്റ്റിക് നിരോധനം മറ്റ് ഉൽപ്പന്നങ്ങളായ കപ്പുകൾ, പ്ലേറ്റുകൾ, കട്ട്ലറികൾ, കണ്ടെയ്നറുകൾ, ബോക്സുകൾ എന്നിവയിലേക്കും വ്യാപിപ്പിക്കും. പ്ലാസ്റ്റിക് സ്പൂണുകൾ, ഫോർക്കുകൾ, കത്തികൾ, ചോപ്സ്റ്റിക്കുകൾ, സ്ട്രോകൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുത്തും.

നിലവിൽ അബൂദാബിയിൽ, ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്റെ നിരോധനം 2022 ജൂൺ 1 മുതൽ നടപ്പിലാക്കിവരുന്നുണ്ട്. നിയന്ത്രണത്തിന്റെ ഭാഗമായി ദുബൈയിൽ, 2022 ജൂലൈ 1 മുതൽ ചില്ലറ വ്യാപാരികൾ ഒരു ബാഗിന് 25 ഫിൽസ് ഈടാക്കുന്നുമുണ്ട്.

ഷാർജയിൽ 2022 ഒക്ടോബർ 1 മുതലാണ് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് 25 ഫിൽസ് ഈടാക്കി തുടങ്ങിയത്. ഉമ്മുൽ ഖുവൈനും അജ്മാനും 2023 മുതലും പ്ലാസ്റ്റിക് ബാഗ് നിരോധനത്തിൻ്റെ ഭാഗമായി മാറിയതായി പ്രഖ്യാപിച്ചിരുന്നു.

Similar Posts