ബിൽ പേയ്മെന്റിന് ക്രിപ്റ്റോ കറൻസി സ്വീകരിക്കുന്ന റസ്റ്റോറന്റ് ദുബൈയിൽ പ്രവർത്തനമാരംഭിച്ചു
|ആറ് തരം ക്രിപ്റ്റോ കോയിനുകള്‍ സ്വീകരിക്കും
പണത്തിന് പകരമായി ക്രിപ്റ്റോ കറന്‍സി സ്വീകരിക്കുന്ന ദുബൈയിലെ ആദ്യ റെസ്റ്റോറന്റ് പ്രവര്‍ത്തനമാരംഭിച്ചു. ദുബൈ അല്‍ഖൂസിലെ ബേക്ക് ആന്‍ഡ് മോര് റെസ്റ്റോറന്റാണ് ക്രിപ്റ്റോ കറന്‍സികള്‍ സ്വീകരിക്കുന്ന സംവിധാനത്തിന് തുടക്കമിട്ടത്.
യു.എ.ഇയില്‍ ക്രിപ്റ്റോകറന്‍സികള്‍ക്ക് ഇനിയും ഔദ്യോഗിക അംഗീകാരം ലഭിച്ചിട്ടില്ല. എന്നാല്‍, ഇത്തരം ഡിജിറ്റല്‍ കറന്‍സികള്‍ സ്വീകരിക്കാന്‍ സൗകര്യമുള്ള സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം തുടങ്ങി കഴിഞ്ഞു. റെസ്റ്റോറന്റ് റീട്ടെയില്‍ രംഗത്ത് ഈ സൗകര്യത്തിന് തങ്ങള്‍ തുടക്കം കുറിക്കുകയാണെന്ന് ബേക്ക് ആന്‍ഡ് മോര് ഉടമ മുഹമ്മദ് അല്‍ ഹമ്മാദി പറഞ്ഞു.
താമസിയതെ കൂടുതല്‍ സ്ഥാപനങ്ങള്‍ ഇതിലേക്ക് കടന്നുവരുമെന്ന പ്രതീക്ഷയും റെസ്റ്റോറന്റ് ഉടമ പങ്കുവെച്ചു. മിക്സിന് നെറ്റ്വര്‍ക്കാണ് ക്രിപ്റ്റോ കറന്‍സികള്‍ സ്വീകരിക്കാന്‍ സൗകര്യമൊരുക്കുന്നത്. ആറ് തരം ക്രിപ്റ്റോകോയിനുകള്‍ ഇവിടെ സ്വീകരിക്കാന്‍ സൗകര്യമുണ്ടാകും.
ഡിജിറ്റല്‍ അസറ്റുകള്‍ കൈകാര്യം ചെയ്യാന്‍ ദുബൈ അടുത്തിടെ അതോറിറ്റി പ്രഖ്യാപിച്ചിട്ടുണ്ട്. ക്രിപ്റ്റോ കറന്‍സികള്‍ക്ക് വിശ്വാസ്യതയും മൂല്യവും വര്‍ധിപ്പിക്കാന്‍ ഈ നടപടികള്‍ ഉപകരിക്കുമെന്നും സംരംഭകര്‍ അഭിപ്രായപ്പെട്ടു.