മൂല്യതകർച്ചയിൽ റെക്കോർഡിട്ട് രൂപ; ഗൾഫ് കറൻസികൾ പുതിയ ഉയരത്തിൽ
|പ്രവണത തുടർന്നേക്കുമെന്ന് സാമ്പത്തിക വിദഗ്ധർ
ദുബൈ: ഇന്ത്യൻ രൂപയുടെ മൂല്യം വീണ്ടും കൂപ്പ് കുത്തിയതോടെ ഗൾഫ് കറൻസികളുടെ വിനിമയ നിരക്കിൽ റെക്കോർഡ് കുതിപ്പ്. ചരിത്രത്തിലെ ഏറ്റവും കുറഞ്ഞമൂല്യത്തിലേക്കാണ് ഇന്ന് ഇന്ത്യൻരൂപയെത്തിയത്. ഡോളറിന് 82 രൂപ 56 പൈസ എന്ന നിലയിലാണ് ഇന്ത്യൻ രൂപയുടെ മൂല്യം. ചരിത്രത്തിൽ ആദ്യമായാണ് 82 രൂപയും വിട്ട് ഡോളറുമായുള്ള വിനിമനിരക്ക് മുന്നോട്ട് പോകുന്നത്. കഴിഞ്ഞദിവസം ഡോളറിന് 81 രൂപ 88 പൈസ എന്ന നിലയിൽ ക്ലോസ് ചെയ്ത മൂല്യമാണ് പൊടുന്നനെ താഴേക്ക് പോയത്. യു എസ് ഫെഡറൽ റിസർവ് പലിശ നിരക്ക് ഉയർത്തിയേക്കുമെന്ന വാർത്തകളും, ക്രൂഡ് ഓയിൽ ഉൽപാദനം വെട്ടികുറക്കാനുള്ള ഒപെക് തീരുമാനവും രൂപയെ കൂടുതൽ തളർത്താൻ കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തുന്നത്.
യു എ ഇ ദിർഹത്തിന്റെ വിനിമയ നിരക്ക് ഇന്ന് 22 രൂപ 49 പൈസയിലേക്ക് എത്തിയപ്പോൾ സൗദി റിയാലിന്റെ മൂല്യം 21 രൂപ 99 പൈസയായി. ഖത്തർ റിയാലിന്റെ നിരക്ക് 22 രൂപ 70 പൈസയായി. ഒമാനി റിയാൽ 214 രൂപ 61 പൈസയിലെത്തി. ഏറ്റവും ഉയർന്ന മൂല്യമുള്ള കുവൈത്ത് ദീനാർ 266 രൂപ 48 പൈസയിലേക്ക് വിനിമയ നിരക്കെത്തി. 218 രൂപ 95 പൈസ എന്ന നിരക്കിലാണ് ബഹ്റൈൻ ദിനാർ.
പ്രവാസികൾക്ക് കൂടുതൽ പണം നാട്ടിലെത്തിക്കാൻ ഇത് സുവർണാവസരമാണ് എങ്കിലും നാട്ടിൽ പണപ്പെരുപ്പം വർധിക്കുന്നതിനാൽ ദീർഘകാലത്തേക്ക് ഇത് പ്രവാസികൾക്കും ഗുണം ചെയ്യില്ലെന്നാണ് സാമ്പത്തിക വിദഗ്ദർ നൽകുന്ന സൂചന. റിസർവ് ഇടപെടലുകളും രൂപയുടെ മൂല്യതകർച്ച പിടിച്ചുനിർത്തുന്നതിൽ ഫലം കണ്ടിട്ടില്ല. അടുത്തദിവസങ്ങളിലും ഈ പ്രവണത തുടരാനാണ് സാധ്യത.