അന്താരാഷ്ട്ര സഞ്ചാരികളുടെ എണ്ണത്തിൽ റെക്കോർഡ്; ദുബൈ കോവിഡ് പൂർവ കണക്കുകളെ മറികടന്നു
|ഈ വർഷം ജൂൺ വരെയുള്ള കണക്കനുസരിച്ച് ദുബൈ ആസ്വദിക്കാനെത്തിയത് 85.5 ലക്ഷം സഞ്ചാരികളാണ്
ദുബൈയിലെത്തുന്ന അന്താരാഷ്ട്ര വിനോദ സഞ്ചാരികളുടെ എണ്ണം പുതിയ റെക്കോർഡിലേക്ക്. കോവിഡിന് മുമ്പ് 2019 ൽ ദുബൈയിലെത്തിയ സഞ്ചാരികളേക്കാൾ കൂടുതൽ പേർ ഈ വർഷം ആദ്യ ആറുമാസത്തിനുള്ളിൽ എന്നാണ് കണക്കുകൾ. ദുബൈ സാമ്പത്തിക-വിനോദ സഞ്ചാര വകുപ്പാണ് കണക്കുകൾ പുറത്തുവിട്ടത്.
2019 ആദ്യ ആറുമാസം ദുബൈയിൽ വന്നിറങ്ങിയ അന്താരാഷ്ട്ര വിനോദ സഞ്ചാരികളുടെ എണ്ണം 83.6 ലക്ഷമായിരുന്നെങ്കിൽ ഈവർഷം ജൂൺവരെയുള്ള കണക്കനുസരിച്ച് ദുബൈ ആസ്വദിക്കാനെത്തിയത് 85.5 ലക്ഷം സഞ്ചാരികളാണ്. കോവിഡ് പൂർവ കാല സഞ്ചാരികളുടെ എണ്ണത്തിന്റെ 80 മുതൽ 95 ശതമാനം വരെ കൈവരിക്കാൻ സാധിച്ചേക്കുമെന്ന ലോക വ്യാപാര സംഘനയുടെ പ്രവചനത്തെ പോലും മറികടന്നാണ് ദുബൈയുടെ നേട്ടം.
നൂറുശതമാനത്തിൽ കൂടുതൽ ഈരംഗത്ത് നേട്ടം രേഖപ്പെടുത്താൻ ദുബൈക്ക് സാധിച്ചുവെന്ന് കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. ദുബൈയുടെ യാത്രാ മേഖലയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച വാർഷാദ്യ പ്രകടനമാണ് ഇത്തവണത്തേത്. കാഴ്ചവെച്ചത്. യാത്രക്കാരുടെ എണ്ണം വർധിച്ചതിനൊപ്പം ഹോട്ടൽ താമസവും വർധിച്ചു. ഹോട്ടൽ താമസം ശരാശരി 78 ശതമാനമാണ് ഈ വർഷം ആദ്യ പാതിയിൽ രേഖപ്പെടുത്തിയത്. ലോകത്തെ തന്നെ ഏറ്റവും ഉയർന്ന ശരാശരിയാണിത്.