UAE
കാർബൺ പുറന്തള്ളൽ കുറക്കൽ: 8,440കോടി വകയിരുത്തി അഡ്​നോക്​
UAE

കാർബൺ പുറന്തള്ളൽ കുറക്കൽ: 8,440കോടി വകയിരുത്തി അഡ്​നോക്​

Web Desk
|
22 Jan 2024 6:19 PM GMT

സുസ്​ഥിര പദ്ധതികൾക്ക്​ ഊന്നൽ നൽകി ബജറ്റ്

ദുബൈ:കാർബൺ പുറന്തള്ളൽ കുറക്കുന്ന പരിസ്ഥിതി സൗഹൃദ പദ്ധതികൾക്കായി 8,440 കോടി വകയിരുത്തുന്ന ബജറ്റിന്​ അംഗീകാരം നൽകി എണ്ണക്കമ്പനിയായ അഡ്നോക്​​.കമ്പനി ചെയർമാൻ കൂടിയായ യു.എ.ഇ ​പ്രസിഡൻറ്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാന്‍റെ അധ്യക്ഷതയിൽ ചേർന്ന ഡയറക്ടർ ബോർഡ്​ യോഗത്തിലാണ്​ തീരുമാനം.

അടുത്ത അഞ്ചു വർഷത്തിൽ രാജ്യത്തിന്‍റെ സമ്പദ്‍ വ്യവസ്ഥക്ക്​ 178 ശതകോടി സംഭാവന ചെയ്യുന്നതാണ്​കമ്പനി അംഗീകരിച്ച പദ്ധതികൾ. ഇതിന്‍റെ ഭാഗമായാണ്​ സുസ്ഥിര പദ്ധതികൾ നടപ്പിലാക്കുന്നത്​. കാർബൺ പുറന്തള്ളൽ കുറക്കുന്ന പദ്ധതികൾക്കും പുതിയ സാ​ങ്കേതികവിദ്യകൾക്കും പുതിയ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനുമാണ്​ ബജറ്റ്​ വിഹിതം ഉപയോഗിക്കുക. കമ്പനിയുടെ യു.എ.ഇയിലും പുറത്തുമുള്ള കാർബൺ നിയന്ത്രണ സംവിധാനങ്ങളിലെ നിക്ഷേപവും ഇതിൽ ഉൾപ്പെടും. കഴിഞ്ഞ ബജറ്റിൽ ഡീകാർബണൈസേഷൻ പദ്ധതികൾക്ക്​ 1500കോടിയാണ്​ അനുവദിച്ചിരുന്നത്​.

ആഗോള തലത്തിലെ പ്രധാന എണ്ണയുൽപാദന സംവിധാനമെന്ന നിലയിൽ, കാർബൺ പുറന്തള്ളൽ കുറഞ്ഞ ഭാവിയെ രൂപപ്പെടുത്തുന്നതിന്​ നീതിപൂർവവും ക്രമപ്രകാരവുമുള്ള ഊർജ പരിവർത്തനത്തിന്​ കമ്പനി പ്രതിജ്ഞാബദ്ധമാണെന്ന്​ അഡ്​നോക്​ മാനേജിങ്​ ഡയറക്ടർ കൂടിയായ യു.എ.ഇ വ്യവസായ, അഡ്വാൻസ്​ഡ്​ ടെക്​നോളജി മന്ത്രി ഡോ. സുൽത്താൻ അൽ ജാബിർ പറഞ്ഞു. കമ്പനിയുടെ കാർബൺ കാപ്​ചർ ആൻഡ്​ സ്​റ്റോറേജ്​കപാസിറ്റി വർഷത്തിൽ 1കോടി ടൺ ആക്കി വർധിപ്പിക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്​.

കഴിഞ്ഞ മാസം ദുബൈയിൽ നടന്ന ആഗോള കാലാവസ്ഥ ഉച്ചകോടിയിൽ അഡ്​നോക്​ അടക്കം 50 ഓയിൽ, ഗ്യാസ്​കമ്പനികൾ കാർബൺ പുറന്തള്ളുന്ന ചാർട്ടറിൽ ഒപ്പുവെച്ചിരുന്നു. ഇതുപ്രകാരം 2050ഓടെ കാർബൺ പുറന്തള്ളൽ പൂർണമായും ഇല്ലാതാക്കാനാണ്​ ലക്ഷ്യമിടുന്നത്​.

Related Tags :
Similar Posts