ദുബൈയിൽ പാർക്കിങ് പിഴയിൽ നിന്നുള്ള വരുമാനം വർധിച്ചു
|ഈ വർഷം മൂന്നാം പാദത്തിൽ 64.9 ദശലക്ഷം ദിർഹമാണ് പിഴയിനത്തിൽ ലഭിച്ചത്
ദുബൈ: ദുബൈയിൽ പാർക്കിങ് പിഴയിൽനിന്നുള്ള വരുമാനത്തിൽ വർധന. ഈ വർഷം മൂന്നാം പാദത്തിൽ 64.9 ദശലക്ഷം ദിർഹമാണ് പിഴയിനത്തിൽ ലഭിച്ചത്. മുൻ വർഷം ഇതേ കാലയളവിൽ ലഭിച്ചതിനേക്കാൾ 56 ശതമാനം വർധനയാണ് പിഴത്തുകയിലുണ്ടായത്.
പെയ്ഡ് പാർക്കിങ് സേവനങ്ങൾ നൽകുന്ന ദുബൈ ആസ്ഥാനമായ പാർക്കിൻ കമ്പനിയാണ് പിഴത്തുക സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. ഈ വർഷം മൂന്നാം പാദത്തിൽ 4,18,100 പിഴകളാണ് ഇഷ്യൂ ചെയ്തത്. ഇതിൽ നിന്നുള്ള വരുമാനം 64.9 ദശലക്ഷം ദിർഹം. കഴിഞ്ഞ വർഷം ഇതേസമയത്ത് ലഭിച്ചത് 41.6 ദശലക്ഷം ദിർഹമായിരുന്നു.
ഈ വർഷത്തെ ആദ്യ ഒമ്പതു മാസത്തിലെ ആകെ പിഴയുടെ മൂല്യം 172.1 മില്യൺ ദിർഹമാണ്. മുൻ വർഷം ഇത് 136.5 മില്യൺ ദിർഹം. രേഖപ്പെടുത്തിയത് 26 ശതമാനം വർധന. പാർക്കിങ് പരിശോധനയ്ക്കായി ഈ വർഷം അവസാനം ഇരുപത്തിനാല് സ്മാർട് കാറുകൾ കൂടി വിന്യസിച്ചതായും പാർക്കിൻ അറിയിച്ചു.
മുൻ വർഷത്തേതിനെ അപേക്ഷിച്ച് ദുബൈയിലെ പാർക്കിങ് സ്പേസ് ആറു ശതമാനം വർധിപ്പിച്ചതായും പാർക്കിൻ വ്യക്തമാക്കി. പാർക്കിൻ കമ്പനിയുടെ മൊത്ത ലാഭത്തിലും വർധനയുണ്ടായിട്ടുണ്ട്. ഇക്കാലയളവിൽ 146.8 ദശലക്ഷം ദിർഹമാണ് കമ്പനിയുടെ ലാഭം. മുൻ വർഷം ഇത് 99.8 മില്യൺ ദിർഹമായിരുന്നു.