UAE
Arab actor Rick Aby says it is not right to blame an entire society for the atrocities Najeeb suffered in Aadujeevitham
UAE

നജീബ് അനുഭവിച്ച ക്രൂരതകളുടെ പേരിൽ ഒരു സമൂഹത്തെ മുഴുവൻ കുറ്റപ്പെടുത്തരുത്: നടൻ റിക്ക് അബേ

Web Desk
|
28 March 2024 4:33 PM GMT

'ആടുജീവിത'ത്തിൽ നജീബിന്റെ മസ്‌റ ഉടമകളിൽ ഒരാളുടെ വേഷം കൈകാര്യം ചെയ്യുന്ന നടനാണ് റിക്ക് അബേ

ദുബൈ:'ആടുജീവിത'ത്തിലെ നജീബ് അനുഭവിച്ച ക്രൂരതകളുടെ പേരിൽ ഒരു സമൂഹത്തെ മുഴുവൻ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്ന് അറബ് നടൻ റിക്ക് അബേ. ദുബൈയിൽ സിനിമയുടെ കന്നിപ്രദർശനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാള സിനിമകളിൽ ഇനിയും അഭിനയിക്കാൻ ആഗ്രഹമുണ്ടെന്നും റിക്ക് അബേ മാധ്യമങ്ങളോട് പറഞ്ഞു.

ആടുജീവിതത്തിൽ നജീബിന്റെ മസ്‌റ ഉടമകളിൽ ഒരാളുടെ വേഷം കൈകാര്യം ചെയ്യുന്ന നടനാണ് റിക്ക് അബേ. നജീബിനുണ്ടായ ദുരനുഭവം ആർക്കും സംഭവിക്കാമെന്നും എന്നാൽ, നേരിടേണ്ടി വന്ന ക്രൂരതയുടെ പേരിൽ ഒരു സമുഹത്തെ മുഴുവൻ പഴിക്കാനാവില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു. ബെന്യാമിന്റെ നോവൽ സ്‌ക്രീനിലെത്തിക്കാൻ പൃഥ്വിരാജും ബ്ലെസിയും എടുത്ത പരിശ്രമങ്ങൾ അമ്പരപ്പിക്കുന്നതാണെന്ന് റിക്ക് പറഞ്ഞു.

ആടുജീവിതത്തിലെ നജീബിനെ നേരിൽ കണ്ടിരുന്നു. പിന്നീട് പൃഥ്വിരാജിനെ കണ്ടപ്പോൾ തനിക്ക് രണ്ടുപേരെയും മാറിപ്പോകുന്നവിധം സാമ്യം അനുഭവപ്പെട്ടു. അസാമാന്യ പ്രതിഭകളാണ് മലയാള സിനിമ പ്രവർത്തകരെന്നും നിരവധി ഹോളിവുഡ് സിനിമകളിൽ അഭിനയിച്ച റിക്ക് അബേ പറഞ്ഞു.

സുഡാൻ വേരുകളുള്ള റിക്ക് അബേ വർഷങ്ങളായി യു.എ.ഇയിലാണ് താമസം ഹോളിവുഡ് സിനിമകൾക്ക് പുറമേ നിരവധി ഇമറാത്തി സിനിമകളിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്.

അതേസമയം, 'ആടുജീവിതം' പ്രേക്ഷകർ ഏറ്റെടുത്തതിൽ നന്ദി അറിയിച്ച് പൃഥ്വിരാജ് രംഗത്തെത്തി. സോഷ്യൽ മീഡിയയിൽ സിനിമയുടെ പോസ്റ്റർ പങ്കുവെച്ചുകൊണ്ടാണ് താരം നന്ദി അറിയിച്ചത്. പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമാണ് ആടുജീവിതം. 2008 ൽ പ്രാരംഭ വർക്കുകൾ ആരംഭിച്ചെങ്കിലും വർഷങ്ങളുടെ തയാറെടുപ്പുകൾക്കൊടുവിൽ 2018ലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത്. കോവിഡ് കാലത്ത് ചിത്രീകരണം നീണ്ടുപോവുകയും ചെയ്തു. ചിത്രത്തിനായി പൃഥ്വിരാജ് 30 കിലോയോളം ഭാരം കുറച്ചിരുന്നു.

ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കി ബ്ലെസ്സി ഒരുക്കിയ ചിത്രത്തിൽ നജീബിന്റെ കഥാപാത്രമാകാനായുള്ള പൃഥ്വിരാജിന്റെ കഠിനാധ്വാനം സിനിമാപ്രേമികൾക്കിടയിൽ ഏറെ ചർച്ചയായിരുന്നു. മലയാള സിനിമയിൽ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുക്കിയ ചിത്രമാണ് ആടുജീവിതം. ഓസ്‌കാർ അവാർഡ് ജേതാക്കളായ എ.ആർ റഹ്‌മാൻ സംഗീതവും റസൂൽ പൂക്കുട്ടി ശബ്ദമിശ്രണവും നിർവഹിച്ച ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികയായെത്തുന്നത് അമല പോളാണ്. വിഷ്വൽ റൊമാൻസിന്റെ ബാനറിലാണ് ചിത്രം എത്തിയത്. ജിമ്മി ജീൻ ലൂയിസ് (ഹോളിവുഡ് നടൻ), കെ.ആർ ഗോകുൽ, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്ക് അബേ എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം ഒരുക്കിയിട്ടുണ്ട്.

സുനിൽ കെ.എസ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. എഡിറ്റിങ് ശ്രീകർ പ്രസാദ്, പ്രൊഡക്ഷൻ കൺട്രോളർ - പ്രിൻസ് റാഫേൽ, ദീപക് പരമേശ്വരൻ, കോസ്റ്റ്യൂം ഡിസൈനർ - സ്റ്റെഫി സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - റോബിൻ ജോർജ്, ലൈൻ പ്രൊഡ്യൂസർ - സുശീൽ തോമസ്, പ്രൊഡക്ഷൻ ഡിസൈനർ - പ്രശാന്ത് മാധവ്, മേക്കപ്പ് - രഞ്ജിത്ത് അമ്പാടി, വീഡിയോഗ്രാഫി - അശ്വത്, സ്റ്റിൽസ് - അനൂപ് ചാക്കോ, മാർക്കറ്റിങ്: ക്യാറ്റലിസ്റ്റ്, ഡിജിറ്റൽ മാർക്കറ്റിങ്: ഒബ്സ്‌ക്യൂറ എന്റർടൈൻമെന്റ്സ്, പിആർഒ: ആതിര ദിൽജിത്ത്.



Similar Posts