റോഡ് സുരക്ഷ; നൂതന കാമറകൾ ഒരുക്കി റാസൽഖൈമ
|നിർമ്മിതബുദ്ധി സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്നതാണ് കാമറകൾ
റാസൽഖൈമ: റോഡ് സുരക്ഷ ഉറപ്പു വരുത്താൻ റാസൽഖൈമയിൽ ഇനി അതിനൂതന നിരീക്ഷണ കാമറകൾ. ഗതാഗതം നിയന്ത്രിക്കാൻ സഹായിക്കുന്നതിനൊപ്പം കുറ്റകൃത്യങ്ങൾ തടയാനും സംവിധാനം ഉപകാരപ്പെടും. നിർമ്മിതബുദ്ധി സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്നതാണ് കാമറകൾ. സ്മാർട്ട് സെക്യൂരിറ്റി മോണിറ്ററിംഗിൻറെ ഭാഗമായ റാസൽഖൈമയുടെ 'സേഫ് സിറ്റി' പദ്ധതിയെ പിന്തുണക്കുന്നതാണ് എ.ഐ കാമറകളെന്ന് റാക് പൊലീസ് മേധാവി അലി അബ്ദുല്ല അൽവാൻ അൽ നുഐമി പറഞ്ഞു.
കൃത്യമായ വിവരങ്ങൾ നേടുന്നതിനും ശരിയായ തീരുമാനമെടുക്കുന്നതിനും ഇത് അന്വേഷണ സംഘത്തെ സഹായിക്കും. റോഡ് അപകടങ്ങൾ നിയന്ത്രിക്കുന്നതും ഗതാഗത സുരക്ഷയുടെ നിലവാരം വിലയിരുത്തി വിശകലനം ചെയ്യാനുതകുന്നതുമാണ് പുതിയ നിരീക്ഷണ സംവിധാനം. അപകടങ്ങൾ നടക്കുന്ന സ്ഥലങ്ങളിലേക്ക് അധികൃതർ എത്തിച്ചേരുന്നത് എളുപ്പത്തിലാക്കാനും ഇത് സഹായിക്കും.
റോഡ് സുരക്ഷയും സാമൂഹിക സുരക്ഷയും മെച്ചപ്പെടുത്തുന്നതിനുള്ള റാസൽഖൈമ പൊലീസിൻറെ ശ്രമങ്ങളുടെ പ്രധാന ഘടകമാണ് 'സേഫ് സിറ്റി' പദ്ധതി. കുറ്റകൃത്യങ്ങളുടെ നിരക്ക് കുറക്കാനും പൊതു സുരക്ഷ വർധിപ്പിക്കാനും താമസക്കാർക്കിടയിൽ സംതൃപ്തി വർധിപ്പിക്കാനുമാണ് സംവിധാനം ലക്ഷ്യമിടുന്നത്.