വീട്ടിൽ 3.5 ലക്ഷം ദിർഹമിന്റെ കവർച്ച; അജ്മാനിൽ രണ്ട് പേർ അറസ്റ്റിൽ
|തൊണ്ടിമുതൽ അജ്മാൻ പൊലീസ് കണ്ടെടുത്തു
ദുബൈ: അജ്മാനിൽ പ്രവാസിയുടെ വീട്ടിൽ നിന്ന് 80 ലക്ഷത്തോളം രൂപയുടെ സ്വർണാഭരണങ്ങൾ കൊള്ളയടിച്ച രണ്ടുപേർ അറസ്റ്റിലായി. സംഭവം നടന്ന് 48 മണിക്കൂറിനകം പ്രതികളെ പിടികൂടാനും തൊണ്ടിമുതൽ പൂർണമായി കണ്ടെത്താനും പൊലീസിന് കഴിഞ്ഞു. ആഭരണങ്ങൾ കണ്ടെടുക്കുന്നതിന്റെ ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു.
കഴിഞ്ഞ ശനിയാഴ്ചയാണ് കുടുംബം പുറത്തുപോയ സമയത്ത് അജ്മാൻ നുഐമിയിലെ പ്രവാസിയുടെ വീട് കൊള്ളയടിക്കപ്പെട്ടത്. ജനൽവഴി വീടിനകത്ത് കടന്ന മോഷ്ടക്കാൾ 3.5 ലക്ഷം ദിർഹം വിലവരുന്ന സ്വർണാഭരണങ്ങളും ആറായിരം ദിർഹം പണവുമായി കടന്നുകളഞ്ഞു. കുടുംബം തിരിച്ചെത്തിയപ്പോഴാണ് വീട് കൊള്ളയടിക്കപ്പെട്ടത് അറിയുന്നത്.
നുഐമിയ സ്റ്റേഷനിൽ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് സംഭവസ്ഥലം പരിശോധിച്ചു. രണ്ടുദിവസത്തിനകം മോഷണം നടത്തിയ ആളെയും സഹായിയെയും അറസ്റ്റ് ചെയ്തു. മോഷ്ടിച്ച സ്വർണം സ്വിച്ച് ബോർഡിന് അകത്താക്കി മോഷ്ടാക്കൾ സൂക്ഷിച്ചിരുന്നതും പൊലീസ് കണ്ടെടുത്തു. തൊണ്ടി മുതൽ പൂർണമായും തിരിച്ചുകിട്ടിയതായി ഗൃഹനാഥൻ പറഞ്ഞു.
40 വർഷമായി യു എ ഇയിൽ കഴിയുന്ന തനിക്ക് സുരക്ഷയുടെ കാര്യത്തിൽ ആത്മവിശ്വാസം പകരുന്ന അന്വേഷണമാണ് അജ്മാൻ പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് ഇദ്ദേഹം പറഞ്ഞു. കൊള്ളയടിക്കപ്പെട്ട കുടുംബവും പിടിയിലായ പ്രതികളും ഏഷ്യൻ രാജ്യത്ത് നിന്നുള്ള പ്രവാസികളാണെന്ന് പൊലീസ് പറഞ്ഞു.