ദുബൈയിൽ ബസ് സേവനം മെച്ചപ്പെടുത്താൻ പുതിയ പദ്ധതികള്‍ വരുന്നു
|ബസുകളെ നിരീക്ഷിക്കാൻ പുത്തന്‍ പദ്ധതി നടപ്പാക്കും. കാത്തിരിപ്പുസമയം ഗണ്യമായി കുറയും
ദുബൈയിൽ ബസ് സർവീസുകളുടെ കാര്യക്ഷമത വർധിപ്പിക്കാൻ പുതിയ പദ്ധതികളുമായി റോഡ് ഗതാഗത അതോറിറ്റി. ആർടിഫിഷ്യൽ ഇൻറലിജൻസ് അടക്കമുള്ള പുതിയ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയാണ് രണ്ടു പുതിയ പദ്ധതികള്‍ ഒരുങ്ങുന്നത്.
ആദ്യ പദ്ധതിയിൽ നഗരപ്രദേശങ്ങളിലെ ഗതാഗതം നിയന്ത്രിക്കുന്നതിനായി ആർ.ടി.എ 'സിറ്റി ബ്രെയിൻ' സംവിധാനമാണ് അലിബാബ ക്ലൗഡുമായി ചേർന്ന് പരീക്ഷിക്കുക. നോൽ കാർഡുകൾ, ബസുകൾ, ടാക്സികൾ എന്നിവയിൽനിന്നും കൺട്രോൾ സെൻററിൽനിന്നും ലഭിക്കുന്ന വിവരങ്ങൾ ഉപയോഗപ്പെടുത്തി ബസുകളുടെ ഷെഡ്യൂളും റൂട്ടുകളും മെച്ചപ്പെടുത്തും. ഈ സംവിധാനം ബസ് യാത്ര ഗണ്യമായി മെച്ചപ്പെടുത്തും. ഇതിലൂടെ കാത്തിരിപ്പ് സമയം 10 ശതമാനം കുറയുമെന്നാണ് വിലയിരുത്തൽ.
അൽഖൂസ് ബസ് ഡിപ്പോയിലെ വിദൂര ബസ് പെർഫോമൻസ് നിരീക്ഷണ കേന്ദ്രമാണ് രണ്ടാമത്തെ പദ്ധതി. ആർടിഎയുടെ പുതിയ 516 വോൾവോ ബസുകളെയാണ് കേന്ദ്രം അതത് സമയങ്ങളിൽ നിരീക്ഷിക്കുക. ബസുകളുടെ പ്രവർത്തനത്തെ ബാധിക്കുന്ന മെക്കാനിക്കൽ, എണ്ണ ഉപഭോഗം, സുരക്ഷാ ഉപകരണങ്ങളുടെ അവസ്ഥ എന്നിവ സംബന്ധിച്ച 47 മുന്നറിയിപ്പുകൾ കേന്ദ്രത്തിന് നൽകാനാവും. ഇതിലൂടെ എണ്ണ ഉപയോഗം അഞ്ചു ശതമാനം കുറക്കാനും സമയാസമയങ്ങളിൽ ബസ് മെയിൻറനൻസ് ആസൂത്രണം ചെയ്യാനും സാധിക്കും.
ഇരു പദ്ധതികളും നടപ്പിലാകുന്നത് ബസ് സർവീസുകളുടെ കാര്യക്ഷമത വർധിപ്പിക്കും. ദുബൈയിലെ പൊതുഗതാഗത സംവിധാനം കോവിഡിനുമുമ്പുള്ള അവസ്ഥയിലേക്ക് ഏറെക്കുറെ മാറിയതായി ആർടിഎ ഡയറക്ടർ ജനറൽ മത്വാർ മുഹമ്മദ് അൽ തായർ പറഞ്ഞു.