UAE
ദുബൈ വിമാനത്താവളത്തിൽ അപ്രതീക്ഷിത   സന്ദർശനം നടത്തി ഭരണാധികാരി ഷെയ്ഖ് മുഹമ്മദ്
UAE

ദുബൈ വിമാനത്താവളത്തിൽ അപ്രതീക്ഷിത സന്ദർശനം നടത്തി ഭരണാധികാരി ഷെയ്ഖ് മുഹമ്മദ്

Web Desk
|
22 July 2022 9:01 AM GMT

ദുബൈയിലെ ജനങ്ങൾക്ക് തങ്ങളുടെ പ്രിയപ്പെട്ട ഭരണാധികാരിയെ നേരിൽ കാണാൻ ലഭിക്കുന്ന അവസരങ്ങൾ പലപ്പോഴും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. അത്തരമൊരു അപൂർവ അവസരമാണ് ഇന്നലെ ദുബൈ വിമാനത്താവളത്തിലെത്തിയ ചിലർക്ക് ലഭിച്ചത്.




സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു വീഡിയോയിലാണ്, യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ദുബൈ വിമാനത്താവളത്തിലെത്തിയ യാത്രക്കാരായ ചില കുടുംബങ്ങളുമായി വിശേഷങ്ങൾ ചോദിച്ചറിയുന്നതും ഓട്ടോഗ്രാഫ് കൈമാറുന്ന ദൃശ്യങ്ങളുമുള്ളത്.

ഇന്നലെയാണ് ഷെയ്ഖ് മുഹമ്മദ് ഡി.എക്‌സ്.ബി എയർപോർട്ടിൽ പര്യടനം നടത്തിയത്. യാത്രക്കാർക്ക് മികച്ച സൗകര്യങ്ങൾ തന്നെ ഒരുക്കിനൽകണമെന്ന് അദ്ദേഹം ഉദ്യോഗസ്ഥരോട് നിർദ്ദേശിക്കുകയും ചെയ്തു. ദുബൈ ഉപ ഭരണാധികാരിയും ഉപപ്രധാനമന്ത്രിയും യു.എ.ഇ ധനകാര്യ മന്ത്രിയുമായ ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും പര്യടനത്തിൽ ഷെയ്ഖ് മുഹമ്മദിനെ അനുഗമിച്ചിരുന്നു.

ദുബൈ ഭരണാധികാരി പൊതു ഇടങ്ങളിൽ പ്രത്യക്ഷപ്പെടുന്നത് ജനങ്ങൾ വലിയ കൗതുകത്തോടെയാണ് നോക്കിക്കാണാറുള്ളത്. ഈ വർഷമാദ്യം അദ്ദേഹം എക്സ്പോ2020 സന്ദർശിച്ച് കുട്ടികളുമായി കുശലം പറയുന്ന ദൃശ്യങ്ങളും വ്യാപകമായി പ്രചരിച്ചിരുന്നു.

മുമ്പ് അദ്ദേഹം ഒരു സൂപ്പർമാർക്കറ്റ് സന്ദർശിക്കുന്നതും 2020ൽ, സായാഹ്ന സൈക്കിൾ സവാരി ആസ്വദിക്കുന്നതും റോഡരികിൽ പ്രാർത്ഥന നടത്തുന്നതും, 2019ൽ ഉദ്യോഗസ്ഥരോടൊപ്പം അബ്രാ റൈഡ് നടത്തിയതും, ദേരയിലെ ഗോൾഡ് സൂക്കും സുഗന്ധവ്യഞ്ജന മാർക്കറ്റും ചുറ്റിനടന്ന് സന്ദർശിക്കുന്നതുമെല്ലാം ഇത്തരത്തിൽ വാർത്തകളിൽ ഇടം നേടിയിരുന്നു.

Similar Posts