തൊഴിലാളികളുടെ സുരക്ഷ; യുഎഇയിൽ ബാങ്ക് ഗ്യാരന്റിയോ ഇൻഷൂറൻസോ നിർബന്ധം
|രണ്ടിലൊന്ന് കമ്പനികൾക്ക് തെരഞ്ഞെടുക്കാം
യുഎഇയിലെ സ്ഥാപനങ്ങൾ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ബാങ്ക് ഗ്യാരണ്ടിയോ, അല്ലെങ്കിൽ ഇൻഷൂറൻസോ ഉറപ്പുവരുത്തണമെന്ന് നിർദേശം. യുഎഇ തൊഴിൽമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. കമ്പനികളുടെ സൗകര്യത്തിന് അനുസരിച്ച് ബാങ്ക് ഗ്യാരന്റിയോ, ഇൻഷൂറൻസോ തെരഞ്ഞെടുക്കാമെന്നും അധികൃതർ അറിയിച്ചു. കമ്പനികളുടെ പ്രവർത്തന സൗകര്യത്തിന് അനുസരിച്ചാണ് ജീവനക്കാരുടെ പരിരക്ഷ ഉറപ്പാക്കാൻ ഓരോ ജീവനക്കാരനും ബാങ്ക് ഗ്യാരന്റിയോ, ഇൻഷൂറൻസോ തെരഞ്ഞെടുക്കേണ്ടതെന്ന് തൊഴിൽ മന്ത്രി ഡോ. അബ്ദൂറഹ്‌മാൻ അബ്ദുൽമന്നാൻ, അൽ അവാർ വ്യക്തമാക്കി. ബാങ്ക് ഗ്യാരന്റിയാണ് നൽകുന്നതെങ്കിൽ ഓരോ ജീവനക്കാരനും എല്ലാവർഷവും പുതുക്കാൻ കഴിയുന്ന വിധം 3000 ദിർഹമാണ് ഗ്യാരന്റിയായി കെട്ടിവെക്കേണ്ടത്. ഇത് തൊഴിൽ കരാർ റദ്ദാക്കുമ്പോഴോ, ജീവനക്കാരൻ രാജ്യം വിടുമ്പോഴോ, അല്ലെങ്കിൽ മരിക്കുമ്പോഴോ തിരിച്ചെടുക്കാം. ജീവനക്കാരൻ ജോലി മാറിയാലും ഇത് തിരികെ ക്ലെയിം ചെയ്യാം.
ഇൻഷൂറൻസാണ് ലഭ്യമാക്കുന്നതെങ്കിൽ 30 മാസത്തേക്ക് വിദഗ്ധ തൊഴിലാളിക്ക് 137 ദിർഹം 50 ഫിൽസ് എന്ന നിരക്കിലും, അവിദഗ്ധ തൊഴിലാളികൾക്ക് 180 ദിർഹം എന്ന നിരക്കിലുമാണ് പോളിസി എടുക്കേണ്ടത്. വേതന സംരക്ഷണ സംവിധാനത്തിൽ രജിസ്റ്റർ ചെയ്യാത്തതും അപകട സാധ്യത കൂടുതലുള്ള മേഖലയിൽ ജോലിയെടുക്കുന്നവർക്കും. 250 ദിർഹത്തിന്റെ പോളിസിയെടുക്കണം. 20,000 ദിർഹം വരെയുള്ള ഇൻഷൂറൻസ് കവറേജ് ഉറപ്പാക്കണം. തൊഴിലാളിയുടെ 120 ദിവസത്തെ ശമ്പളം, ഗ്രാറ്റുവിറ്റി, തിരികെയാത്ര, മരണം സംഭവിച്ചാൽ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ് ഉൾപ്പെടുന്നതായിരിക്കണം ഇൻഷൂറൻസെന്നും മന്ത്രാലയം വ്യക്തമാക്കി.
Safety of workers; Bank guarantee or insurance is mandatory in UAE