യു.എ.ഇയിൽ വേജ് പ്രൊട്ടക്ഷൻ സിസ്റ്റം മറികടന്ന് ശമ്പളവിതരണം
|കഴിഞ്ഞവർഷം 33,000 നിയമലംഘനങ്ങൾ കണ്ടെത്തിയതായി യു.എ.ഇ തൊഴിൽ മന്ത്രാലയം അറിയിച്ചു.
ദുബൈ: യു.എ.ഇയിൽ വേജ് പ്രൊട്ടക്ഷൻ സിസ്റ്റം അഥവാ ഡബ്ല്യൂ.പി.എസ് വഴിയല്ലാതെ ജീവനക്കാർക്ക് ശമ്പളം നൽകിയ കമ്പനികൾക്കെതിരെ നടപടി. കഴിഞ്ഞവർഷം 33,000 നിയമലംഘനങ്ങൾ കണ്ടെത്തിയതായി യു.എ.ഇ തൊഴിൽമന്ത്രാലയം അറിയിച്ചു.
വേജ് പ്രൊട്ടക്ഷൻ സിസ്റ്റം വഴി ബാങ്ക് അക്കൗണ്ടിലേക്കാണ് യു.എ.ഇയിലെ സ്ഥാപനങ്ങൾ ജീവനക്കാർക്ക് ശമ്പളം നൽകേണ്ടത്. ഇത് മറികടക്കാൻ ശ്രമിച്ച സ്ഥാപനങ്ങൾക്കെതിരെയാണ് മന്ത്രാലയം നടപടി കർശനമാക്കുന്നത്. 33,000 നിയമലംഘനങ്ങൾ കണ്ടെത്തിയ മന്ത്രാലയം 509 സ്ഥാപനങ്ങൾക്കെതിരെ നിയമ നടപടി ആരംഭിച്ചു.
കമ്പനികൾക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. നിയമം പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ ആദ്യഘട്ടത്തിൽ ഭരണപരമായി ഉപരോധം ഏർപ്പെടുത്തും. ഈ സ്ഥാപനങ്ങൾക്കുള്ള വർക്ക് പെർമിറ്റ് വിതരണം നിർത്തിവെക്കുമെന്ന് മന്ത്രാലയം അറിയിച്ചു. തൊഴിലാളികൾക്ക് നിലവാരമുള്ള താമസസ്ഥലം നൽകാത്ത 76 കേസുകളും മന്ത്രാലയത്തിൽ വ്യാജരേഖകൾ സമർപ്പിച്ച 1200 കേസുകളും ഇതോടൊപ്പം കണ്ടെത്തിയിട്ടുണ്ട്.