UAE
സൗദി ദേശീയദിനാഘോഷം; യാത്രക്കാർക്ക് മധുരം നൽകി സ്വീകരിച്ച് ദുബൈ, ഷാർജ വിമാനത്താവള ജീവനക്കാർ
UAE

സൗദി ദേശീയദിനാഘോഷം; യാത്രക്കാർക്ക് മധുരം നൽകി സ്വീകരിച്ച് ദുബൈ, ഷാർജ വിമാനത്താവള ജീവനക്കാർ

Web Desk
|
23 Sep 2023 6:15 PM GMT

ദുബൈ പൊലീസ്, ജി.ഡി.ആർ.എഫ്.എ, ദുബൈ കസ്റ്റംസ് എന്നിവയുമായി ചേർന്നായിരുന്നു സ്വീകരണം

ദുബൈ, ഷാർജ വിമാനത്താവളങ്ങളിൽ സൗദിയിൽ നിന്നെത്തിയ യാത്രക്കാർക്ക് മധുരം നൽകി സ്വീകരണം. സൗദി ദേശീയദിനത്തോട് അനുബന്ധിച്ചാണിത്. യു.എ.ഇയും സൗദിയും തമ്മിലെ സാഹോദര്യ ബന്ധത്തിൻറെ പ്രതിഫലനമെന്ന നിലക്കാണ് സ്വീകരണം ഒരുക്കിയത്.

വിമാനത്താവള ജീവനക്കാരുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ ഒരുക്കിയത്. ദേശീയദിനാവധി കൂടി മുൻനിർത്തി നിരവധി സൗദി പൗരന്മാരാണ് കഴിഞ്ഞ ദിവസം യു.എ.ഇയിൽ എത്തിച്ചേർന്നത്. സ്വീകരണ ചടങ്ങിന്റെ ഭാഗമായി അറബ് പരമ്പരാഗത മധുര വിഭവങ്ങളും റോസാപ്പൂക്കളും യാത്രക്കാർക്ക് കൈമാറി.

ദുബൈ പൊലീസ്, ജി.ഡി.ആർ.എഫ്.എ, ദുബൈ കസ്റ്റംസ് എന്നിവയുമായി ചേർന്നായിരുന്നു സ്വീകരണം. യാത്രക്കാർ സ്വീകരണത്തിന് നന്ദിയറിയിച്ചു. ആഗസ്റ്റ് അവസാനം വരെയുള്ള കണക്കനുസരിച്ച് ഷാർജ വിമാനത്താവളത്തിലെ ആകെ യാത്രക്കാരിൽ 10ശതമാനം പേരും സൗദിയിൽ നിന്നാണ്. ഈ വർഷം മാത്രം എട്ടു മാസത്തിൽ 15ലക്ഷം യാത്രക്കാരാണ് ഇവിടെയെത്തിയത്.

സൗദി അറേബ്യയുടെ 93ാം ദേശീയദിനത്തിൽ യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാൻ, യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, യു.എ.ഇ വൈസ് പ്രസിഡൻറും ഉപ പ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ വകുപ്പ് മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്‌യാൻ എന്നിവർ സൽമാൻ രാജാവിനും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും ഭാവുകങ്ങൾ നേർന്നു ശൈഖ് മുഹമ്മദ് ബിൻ സായിദ് ഇൻസ്റ്റഗ്രാമിൽ സൗദിയെ അഭിനന്ദിച്ച് വിഡിയോയും പോസ്റ്റ് ചെയ്തു.

Similar Posts