അബൂദബിയിലെ സ്കൂളുകൾ വീണ്ടും സജീവമായി; 3,88,571 വിദ്യാർഥികൾ ക്ലാസ് മുറികളിലെത്തി
|പുതിയ അക്കാദമിക് വർഷത്തിൽ ക്ലാസ് പഠനം സജീവമാക്കാനെടുത്ത തീരുമാനത്തിന് വിദ്യാർഥികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് അബൂദബി വിദ്യാഭ്യാസ അതോറിറ്റി ചൂണ്ടിക്കാട്ടി.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ട അബൂദാബിയിലെ സ്കൂളുകള്‍ വീണ്ടും സജീവമായി. പുതിയ അധ്യയന വർഷത്തിൽ അബൂദബിയിലെ സ്കൂളുകളിൽ മൂന്നേമുക്കാൽ ലക്ഷത്തിലേറെ വിദ്യാർഥികൾ പഠനത്തിനെത്തിയതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. കർശനമായ കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് അധ്യയനം പുരോഗമിക്കുന്നത്.
പുതിയ അക്കാദമിക് വർഷത്തിൽ ക്ലാസ് പഠനം സജീവമാക്കാനെടുത്ത തീരുമാനത്തിന് വിദ്യാർഥികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് അബൂദബി വിദ്യാഭ്യാസ അതോറിറ്റി ചൂണ്ടിക്കാട്ടി. 455 സർക്കാർ സ്കൂളുകളടക്കം ക്ലാസ് മുറികളിലേക്ക് വിദ്യാർഥികളെ സ്വാഗതം ചെയ്തു. 3,88,571 വിദ്യാർഥികൾ ക്ലാസ് മുറികളിലെത്തിയതാണ് കണക്ക്.
കോവിഡ് മാനദണ്ഡം പാലിച്ച 16,383 ക്ലാസ് മുറികൾ സജ്ജാമായിരുന്നു. 28,681 അധ്യാപകരുടെ മേൽനോട്ടത്തിലാണ് അബൂദബിയിൽ ക്ലാസ് പഠനം പുരോഗമിക്കുന്നത്. അബൂദബിയിൽ ആര്‍ ടി പി സി ആർ പരിശോധനയിൽ നെഗറ്റീവായ വിദ്യാർഥികളെ മാത്രമാണ് സ്കൂളിലേക്ക് പ്രവേശിപ്പിക്കുന്നത്. ആദ്യമാസം പതിനാല് ദിവസം കൂടുമ്പോൾ വീണ്ടും കോവിഡ് പരിശോധന വേണം. വാക്സിൻ സ്വീകരിക്കാത്ത വിദ്യാർഥികൾക്ക് ആഴ്ചതോറും പരിശോധനയുണ്ടാകും.