രണ്ടാമത് നനീഷ് സ്മാരക ചെറുകഥാ മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു
|എം.വി. ജനാർദ്ദനൻ രചിച്ച 'പൂരാൽ' ഒന്നാം സ്ഥാനവും സോമൻ ചെമ്പ്രേത്ത് രചിച്ച 'ജൂലൂസ്' രണ്ടാം സ്ഥാനവും സബ്ന നിച്ചുവിന്റെ 'പാതാളത്തവള' മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ദുബൈ: യുവകലാസാഹിതി ദുബൈ ഒരുക്കിയ രണ്ടാമത് നനീഷ് സ്മാരക ചെറുകഥാ മത്സരത്തിന്റെ ജേതാക്കളെ പ്രഖ്യാപിച്ചു. യുവകലാസാഹിതി യു.എ.ഇ പ്രസിഡന്റ് സുഭാഷ് ദാസാണ് വിജയികളെ പ്രഖ്യാപിച്ചത്. യുവകലാസാഹിതി ദുബൈ സെക്രട്ടറി റോയ് നെല്ലിക്കോട്, യുവകലാസാഹിതി യു.എ.ഇ വൈസ് പ്രസിഡന്റ് അജികണ്ണൂർ, ലോകകേരളസഭാംഗവും ദുബൈ വനിതാകലാസാഹിതി കൺവീനറുമായ സർഗ്ഗറോയ് എന്നിവർ സന്നിഹിതരായിരുന്നു.
ഒന്നാം സമ്മാനത്തിനു എം.വി. ജനാർദ്ദനൻ രചിച്ച 'പൂരാൽ' എന്ന കഥ തെരഞ്ഞെടുക്കപ്പെട്ടു. സോമൻ ചെമ്പ്രേത്ത് രചിച്ച 'ജൂലൂസ്' രണ്ടാം സമ്മാനത്തിനും ശ്രീമതി സബ്ന നിച്ചുവിന്റെ 'പാതാളത്തവള' മൂന്നാം സ്ഥാനത്തിനും അർഹമായി.
പ്രശസ്ത സാഹിത്യകാരൻ പെരുമ്പടവം ശ്രീധരന്റെ നേതൃത്വത്തിലുള്ള ജൂറിയാണ് വിജയികളെ തിരഞ്ഞെടുത്തത്.
ഒന്നും രണ്ടും മൂന്നും സമ്മാനത്തിന് അർഹരായവർക്കു യഥാക്രമം 25000, 10000, 5000 രൂപയും, ഫലകവും, പ്രശസ്തിപത്രവും ജൂൺ മാസം ദുബൈയിൽ വെച്ച് നടത്തപ്പെടുന്ന യുവകലാസന്ധ്യ 2024ൽ വെച്ച് സമ്മാനിക്കും.
യുവകലാസാഹിതി ദുബൈ യൂണിറ്റ് സെക്രട്ടറിയും പ്രമുഖ സാംസ്കാരിക പ്രവർത്തകനുമായിരുന്ന ശ്രീ.നനീഷ് ഗുരുവായൂരിന്റെ സ്മരണാർത്ഥം യുവകലാസാഹിതി ദുബൈ ഒരുക്കിയ കഥാമത്സരത്തിൽ ലോകമെമ്പാടുമുള്ള ഒട്ടേറെ മലയാളി എഴുത്തുകാർ പങ്കെടുക്കുകയുണ്ടായി.
ഒന്നാം സമ്മാനത്തിന് അർഹനായ എം.വി. ജനാർദ്ദനൻ പയ്യന്നുരിനടുത്ത എരമം സ്വദേശിയാണ്. ഒട്ടേറെ പുരസ്കാരങ്ങൾ കരസ്ഥമാക്കിയ പെരുമലയൻ എന്ന ശ്രദ്ധേയ നോവലിന്റെ രചയിതാവ് കൂടിയാണ് എം.വി. ജനാർദ്ദനൻ.
രണ്ടാം സമ്മാനത്തിനു തെരഞ്ഞെടുക്കപ്പെട്ട ശ്രീ. സോമൻ ചെമ്പ്രേത്ത് നിരവധി കഥാകവിതാനാടക സമാഹാരങ്ങൾ പ്രസിദ്ധികരിച്ചിട്ടുണ്ട്. ഒട്ടേറെ പുരസ്കാരങ്ങളും മലപ്പുറം സ്വദേശിയായ സോമനെ തേടിയെത്തിയിട്ടുണ്ട്.
മൂന്നാം സമ്മാനത്തിന് അര്ഹയായ സബ്ന നിച്ചു മലപ്പുറം സ്വദേശിനിയും സാഹിത്യലോകത്തു ശ്രദ്ധിക്കപ്പെട്ടു വരുന്ന യുവ എഴുത്തുകാരിയുമാണ്.