വാട്ട്സ്ആപ്പ് വഴി ലഹരി വിൽപന; ഷാർജയിൽ 500 പേർ അറസ്റ്റിൽ
|ഇന്റർനെറ്റ് വഴി മയക്കുമരുന്ന് വാങ്ങുന്നതും ഡീലർമാർക്ക് ഓൺലൈനായി പണം കൈമാറുന്നതും പൊലീസ് നിരന്തരം നിരീക്ഷിച്ചുവരികയാണ്.
ഷാർജ: വാട്ട്സ്ആപ്പ് വഴി മയക്കുമരുന്ന് വിൽപന നടത്തിയിരുന്ന 500ലേറെ പേർ ഷാർജയിൽ അറസ്റ്റിലായി. ഇത്തരം സംഭവങ്ങളിൽ മയക്കുമരുന്ന് വിരുദ്ധ വിഭാഗം 912 കേസുകളാണ് രജിസ്റ്റർ ചെയ്തതെന്നും പൊലീസ് അറിയിച്ചു.
മയക്കുമരുന്ന് പ്രോത്സാഹിപ്പിക്കുന്ന 124 സോഷ്യൽ മീഡിയ അക്കൗണ്ടുകളും വെബ്‌സൈറ്റുകളും പൊലീസ് ബ്ലോക്ക് ചെയ്തതായി ഷാർജ പൊലീസിന്റെ ഓപറേഷൻസ് ഡെപ്യൂട്ടി ഡയറക്ടർ ബ്രി. ജനറൽ ഇബ്രാഹീം അൽ അജൽ പറഞ്ഞു.
വേദന സംഹാരികൾ, ഹാഷിഷ്, ക്രിസ്റ്റൽമിത്ത്, ഹെറോയിൻ എന്നിവയുൾപ്പെടെ വിവിധ തരം മയക്കുമരുന്നുകൾ വാട്ട്സ്ആപ്പ് വഴി വിൽപന നടത്തുന്നുണ്ട്. ഇന്റർനെറ്റ് വഴി മയക്കുമരുന്ന് വാങ്ങുന്നതും ഡീലർമാർക്ക് ഓൺലൈനായി പണം കൈമാറുന്നതും പൊലീസ് നിരന്തരം നിരീക്ഷിച്ചുവരികയാണ്.
ഇതിനായി ഉപയോഗിക്കുന്ന നമ്പറുകളും വെബ്‌സൈറ്റുകളും സോഷ്യൽ നെറ്റ്‌വർക്കുകളും പൊലീസ് ട്രാക്ക് ചെയ്യുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി. ഷാർജ പൊലീസിന്റെ ഓൺലൈൻ പട്രോളിങ് 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്. ഇതുവഴി ഓൺലൈനിൽ ഇതുവരെ 800 കുറ്റകൃത്യങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്.
നിയന്ത്രിത മരുന്നുകളോ മയക്കുമരുന്നുകളോ പ്രോത്സാഹിപ്പിക്കുന്ന മെസേജുകൾ ലഭിച്ചാൽ ഫോൺ നമ്പർ ബ്ലോക്ക് ചെയ്ത് റിപ്പോർട്ട് ചെയ്യണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ആഴ്ച രണ്ട് ഓപറേഷനുകളിലൂടെ ഷാർജ പൊലീസ് വൻ മയക്കുമരുന്ന് ശേഖരം പിടികൂടിയിരുന്നു.