ഫുജൈറയിൽ എണ്ണടാങ്കർ മറിഞ്ഞ് തീപിടിച്ച് ജീവനക്കാരടക്കം ഏഴ് പേർക്ക് പരിക്ക്
|അപകടത്തിൽ പരിക്കേറ്റവരെ നാഷണൽ സെർച്ച് ആൻഡ് റെസ്‌ക്യൂ സെന്ററിന്റെ ഹെലികോപ്ടർ എത്തിയാണ് ഫുജൈറ ആശുപത്രിയിലേക്ക് മാറ്റിയത്
ദുബൈ: ഫുജൈറയിൽ എണ്ണ ടാങ്കർ മറിഞ്ഞ് തീപിടിച്ച് ഏഴ് പേർക്ക് പരിക്കേറ്റു. ഹെലികോപ്ടർ ഉൾപ്പെടെ റോഡിൽ പറന്നിറങ്ങിയാണ് ഇവിടെ രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് ഉച്ചയോടെ ഫുജൈറ അൽബിത്‌നയിലാണ് അപകടമുണ്ടായത്.
ഓയിൽ ടാങ്കർ റോഡിൽ നിന്ന് മലയിടുക്കിലേക്ക് മറിഞ്ഞ് തീപിടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റവരെ നാഷണൽ സെർച്ച് ആൻഡ് റെസ്‌ക്യൂ സെന്ററിന്റെ ഹെലികോപ്ടർ എത്തിയാണ് ഫുജൈറ ആശുപത്രിയിലേക്ക് മാറ്റിയത്. ടാങ്കറിലുണ്ടായിരുന്ന ഏഷ്യൻ പ്രവാസിയെ നേരത്തേ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചതായി അധികൃതർ പറഞ്ഞു. പരിക്കേറ്റ ഏഴ് പേരിൽ ചിലർക്ക് ഗുരുതര പരിക്കുണ്ടെന്ന് അധികൃതർ പറഞ്ഞു. സംഭവത്തെ തുടർന്ന് ഏറെ നേരം അൽബിത്‌നയിലെ ശൈഖ് മക്തൂം സ്ട്രീറ്റ് പൊലീസ് അടച്ചിട്ടു. അൽ ബിത്‌നക്കും അൽ ഫർഫാർ റൗണ്ട് എബൗട്ടിനുമിടയിൽ രണ്ടുദിശയിലേക്കും ഏറേനേരം ഗതാഗതം തടസപ്പെട്ടു. ഉച്ചക്ക് ഒന്നരക്ക് ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.